വിദ്യാര്‍ഥികളോട് പരസ്യമായി ഫീസ് ചോദിക്കരുത്, ബോഡി ഷെയ്മിങ് അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി

Share our post

സ്‌കൂളില്‍വെച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പരസ്യമായി ഫീസ് ചോദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന വാഹന വാടക ഉള്‍പ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങള്‍ ക്ലാസ്മുറികളില്‍ മറ്റ് കുട്ടികളുടെ സാന്നിധ്യത്തില്‍ അധ്യാപകരോ സ്‌കൂള്‍ അധികൃതരോ വിദ്യാര്‍ത്ഥികളോട് ചോദിക്കരുത്. ഇപ്പോള്‍ എല്ലാ രക്ഷിതാക്കള്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കേണ്ടതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്‌കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ല. അതുപോലെതന്നെ, പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ല. സ്‌കൂളുകളില്‍ പഠനയാത്രകള്‍, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തിലെ അടുത്ത ഘട്ട നടപടികള്‍ ഉടനെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!