ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിർത്തും

Share our post

തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള ബി.എഡ് കോഴ്‌സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിൻ്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്‌സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കൈമാറി. നാലുവർഷ ബി.എഡിൻ്റെ ആദ്യ ബാച്ച് പുറത്തുവരുന്നതോടെ നിലവിലുള്ള ബി.എഡ് കോഴ്സ് ഇല്ലാതാവും. എൽ.പി, യു.പി സ്കൂൾ അദ്ധ്യാപകരാവാനുള്ള രണ്ടുവർഷത്തെ ടി.ടി.സി കോഴ്സ് അടുത്ത വർഷം നിറുത്തും.

നീറ്റ് മാതൃകയിൽ നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം. ഫീസ് സർക്കാർ നിശ്ചയിക്കും. 2030 മുതൽ നാലുവർഷ ബി.എഡ് മാത്രമേ ഉണ്ടാവൂ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് ഈ മാറ്റം.ബി.എ, ബി.എസ്‌സി, ബികോം എന്നിങ്ങനെ മൂന്നു സ്ട്രീമുകൾക്കൊപ്പമാവും നാലുവർഷ ബി.എഡും. ആദ്യവർഷം മുതൽ നിശ്ചിത ക്രെഡിറ്റ് അദ്ധ്യാപക പരിശീലനത്തിനായിരിക്കും. നാലുവർഷവും വിജയിക്കുമ്പോൾ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നുവർഷം പൂർത്തിയാക്കി കോഴ്‌സ് മതിയാക്കാം. പക്ഷേ, ബി.എഡ് ലഭിക്കില്ല, ബിരുദം മാത്രം കിട്ടും.നിലവിൽ കോഴിക്കോട് എൻ.ഐ.ടി, കാസർകോട് കേന്ദ്രസർവകലാശാല എന്നിവിടങ്ങളിൽ നാലുവർഷ ബി.എഡുണ്ട് എൻ.ഐ.ടിയിൽ വാർഷികഫീസ് ഒരുലക്ഷം രൂപയാണ്. മികച്ച നാക് ഗ്രേഡുള്ള കോളേജുകളിൽ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനായിരിക്കും
(എൻ.സി.ടി.ഇ) കോഴ്‌സ് അനുവദിക്കുക. നിലവിൽ ബി.എഡ് കോഴ്‌സുള്ള ട്രെയിനിംഗ് കോളേജുകളിൽ നാലുവർഷ ബി.എഡ് അനുവദിക്കില്ല.

രണ്ട് മേജർ കോഴ്‌സുകൾ

നാലുവർഷ ബി.എഡിൽ രണ്ട് മേജർ കോഴ്സുകളുണ്ടാവും. ഒരെണ്ണം ടീച്ചർ എഡ്യൂക്കേഷനായിരിക്കണം. രണ്ടാമത്തേത് ഇഷ്ടമുള്ള വിഷയമാകാം. സിലബസ് ലോകനിലവാരത്തിൽ പരിഷ്കരിക്കും.

പ്രൈമറി ടീച്ചർക്കും ബി.എഡ്

എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി,ആറു മുതൽ എട്ടുവരെ മിഡിൽ, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബി.എ,ബി.എസ്‌സി, ബികോം എന്നിവയിൽ നാലുവീതം വിഭാഗങ്ങളിലായി 12 ഇനം കോഴ്സുകളുണ്ടാവും. ഏത് വിഭാഗത്തിലാണോ അദ്ധ്യാപകരാവേണ്ടത് അതിനനുസരിച്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!