കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു

കണ്ണൂർ : വീട്ടിലെ നായകൾക്കും പൂച്ചകൾക്കും പനിയോ ചർദ്ദിയോ വയറിളക്കമോ ഉണ്ടോ, എങ്കിൽ ശ്രദ്ധിക്കുക. ഓമനമൃഗങ്ങളുടെ ജീവനെടുക്കുന്ന വൈറസ് രോഗം ജില്ലയിൽ പടരുന്നുണ്ട്.വളർത്തുനായകളിൽ രണ്ട് തരം വൈറസ് രോഗം പടരുന്നതായി ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു. കനൈൻ ഡിസ്റ്റമ്പർ, പാർവോ വൈറസ് എന്നീ രോഗങ്ങൾ ബാധിച്ച് ചികിത്സക്ക് കൊണ്ടുവരുന്ന നായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്നും പ്രതിരോധ കുത്തിവയ്പ് ഉടൻ എടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.കനൈൻ ഡിസ്റ്റമ്പർ (നായ്പൊങ്ങൻ): പനിയാണ് ആദ്യ ലക്ഷണം. രണ്ട് ദിവസം കൊണ്ട് നടക്കാനാവാത്ത അവസ്ഥയും കണ്ണിൽ നിന്നും മൂക്കിൽ നിന്നും പച്ചയും മഞ്ഞയും നിറമുള്ള സ്രവം വരും. വൈറസ് തലച്ചോറിനെ ബാധിക്കുന്നതോടെ കിടപ്പാകും. ശരീരത്തിന് വിറയലും.
കനൈൻ പാർവോ വൈറസ്: ചർദ്ദി, വയറിളക്കം എന്നിവയിലാണ് തുടക്കം. കാഷ്ഠത്തിൽ രക്തമുണ്ടാകും. രൂക്ഷ ഗന്ധവും. ആറ് മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളാണെങ്കിൽ പെട്ടെന്ന് ചത്തുപോകും.പ്രതിരോധ കുത്തിവയ്പ്: ഒന്നര മാസത്തിൽ ആദ്യ പ്രതിരോധ കുത്തിവയ്പും രണ്ടര മാസത്തിൽ രണ്ടാമത്തെ കുത്തിവയ്പും എടുത്താൽ ഒരു കൊല്ലത്തിൽ അസുഖങ്ങളൊന്നും ബാധിക്കില്ല.മൾട്ടി കോംപനന്റ് വാക്സീൻ ആണ് നൽകേണ്ടത്. 700 രൂപ വിലയുള്ള ഈ മരുന്ന് സർക്കാർ മൃഗാശുപത്രികളിൽ ലഭ്യമല്ല.എന്നാൽ മരുന്നുമായി എത്തിയാൽ കുത്തിവയ്പ് നൽകാനുള്ള സൗകര്യം മൃഗാശുപത്രികളിലുണ്ട്. പൂച്ചകളിലും സമാന ലക്ഷണങ്ങളുള്ള വൈറസ് രോഗം പടരുന്നുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസർ പറഞ്ഞു.