കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുന്നത് രക്തത്തില്‍ ചവിട്ടിനിന്ന്

Share our post

കോഴിക്കോട്: ‘നില്‍ക്കാന്‍പോലും സ്ഥലമില്ലാത്ത ഈ കുടുസുമുറിയില്‍ ഒന്നര മണിക്കൂര്‍ നിന്നുവേണം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാന്‍. പോരാത്തതിന് നിലത്ത് ചോരയും. വൃത്തിയൊട്ടുമില്ല, ഇപ്പോ ഇട്ടിരിക്കുന്ന ഷൂസ് ഇനി ഡ്യൂട്ടി കഴിയുമ്പോഴേ അഴിക്കൂ, ഞങ്ങളും മനുഷ്യരാണ്, രോഗങ്ങള്‍വരും”-കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍. മോര്‍ച്ചറിയില്‍ മൃതദേഹങ്ങളോട് മാത്രമല്ല, അവഗണന ജീവനുള്ള മനുഷ്യരോടുമുണ്ടെന്ന് വ്യക്തമാക്കുന്നു ഈ വാക്കുകള്‍.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ ജോലിനോക്കുന്ന പോലീസുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല. ദിവസേന പത്തോളം ഇന്‍ക്വസ്റ്റ് ഇവിടെ നടത്താറുണ്ട്. മതിയായ സ്റ്റാഫില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് സ്ഥിരം സംഭവമാണ്. സ്ഥലപരിമിതിയുടെ പ്രശ്‌നവുമുണ്ട്.

ഇന്‍ക്വസ്റ്റ് ചെയ്യാന്‍ മൂന്ന് ടേബിളുകളാണുള്ളത്. എന്നാല്‍, അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ ഇന്‍ക്വസ്റ്റ് മുറിയിലേക്ക് കൊണ്ടുവന്നതിനാല്‍ നിലവില്‍ രണ്ട് ടേബിളുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. രണ്ട് പോലീസ് ഉദ്യോഗസ്ഥരും അഞ്ച് സാക്ഷികളുമാണ് ഈ സമയത്ത് മുറിയിലുണ്ടാകുക. ഇവര്‍ക്ക് നിന്നുജോലിചെയ്യാന്‍പോലുമുള്ള സ്ഥലമില്ല. മതിയായ സുരക്ഷയുമില്ല.

കൈയുറകളും മാസ്‌കുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ സമയത്ത് നല്‍കുന്നത്. മൃതദേഹത്തില്‍നിന്ന് ഒഴുകുന്ന രക്തവും ശരീരത്തിലെ ദ്രവങ്ങളും (ഫ്‌ലൂയിഡ്) നിലത്തേക്ക് വീഴാറുണ്ട്. ഇതില്‍ ചവിട്ടിനിന്നുവേണം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍. ഇത് കഴിഞ്ഞയുടന്‍ പലപ്പോഴും മറ്റു ഡ്യൂട്ടികളിലേക്ക് പോലീസുകാര്‍ കടക്കും.

പകര്‍ച്ചവ്യാധികളടക്കം അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുന്നു. മോര്‍ച്ചറിയിലെ ഒഴിഞ്ഞുകിടക്കുന്ന മറ്റേതേങ്കിലും മുറിയിലേക്ക് ഫ്രീസര്‍ മാറ്റിസ്ഥാപിച്ചാല്‍ സ്ഥലത്തിന്റെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മലബാര്‍ മേഖലയിലെ ഒട്ടുമിക്ക മരണങ്ങളിലും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്. എന്നാല്‍, അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല. പോരായ്മകള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!