ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; നാലുദിവസം മഴയ്ക്കു സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. ബുധനാഴ്ചയോടെ ചുഴലിക്കാറ്റായിമാറി ശ്രീലങ്ക തീരംവഴി തമിഴ്‌നാട് തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൗദി അറേബ്യ നിർദേശിച്ച ഫെയിഞ്ചൽ എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത നാലുദിവസം ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിനു പോകരുത്
തെക്കൻ കേരളതീരത്തു വെള്ളിയാഴ്ചവരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 29 വരെ കേരളതീരക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങൾ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ശനിയാഴ്ചവരെ ഈ മേഖലയിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കടലിൽപ്പോയ മത്സ്യത്തൊഴിലാളികൾ എത്രയുംവേഗം ആഴക്കടലിൽനിന്നു തീരത്തേക്കെത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.