ആദിവാസി കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവം; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Share our post

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വയനാട് കൊല്ലിമൂലയിലെ ആദിവാസി കോളനിയിലെ കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കൃഷ്ണനെ സസ്‌പെന്റ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. കര്‍ശനമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞദിവസം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂര്‍ കൊല്ലിമൂല പണിയ ഉന്നതിയിലെ മൂന്ന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്ന കുടിലുകളാണ് വനംവകുപ്പ് പൊളിച്ചു മാറ്റിയത്.

വിദ്യാര്‍ഥികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ രാത്രി കഴിച്ചുകൂട്ടിയതോടെ വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധമുണ്ടായി. ഒരു കുടുംബം മാത്രമാണ് വനഭൂമിയില്‍ താമസിച്ചിരുന്നതെന്നും ഇവര്‍ക്ക് സ്വന്തമായി വേറെ സ്ഥലമുണ്ടെന്നും അവിടെ പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വിശദീകരണം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.തുടര്‍ന്ന് ഇവരെ വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി. വീടുപണി പൂര്‍ത്തിയാകുന്നതുവരെ മൂന്ന് കുടുംബങ്ങളേയും വാടകയില്ലാതെ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!