കെയർഹോം ഭവന സമുച്ചയം നാടിന് സമർപ്പിച്ചു

തളിപ്പറമ്പ്:പ്രളയക്കെടുതിയിലകപ്പെട്ട ദുരിതബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം നിർമിച്ച രണ്ടാംഘട്ട ഭവന സമുച്ചയം നാടിന് സമർപ്പിച്ചു. കുറുമാത്തൂരിലെ കൂനത്ത് മൂന്ന് ബ്ലോക്കുകളിലായി നിർമിച്ച 18 കുടുംബങ്ങൾക്ക് താമസിക്കാനുള്ള വീടുകൾ മന്ത്രി വി. എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു.എം .വി ഗോവിന്ദൻ എം.എൽ.എ ഓൺലൈനായി അധ്യക്ഷനായി. അങ്കണവാടി, റിക്രിയേഷൻ ക്ലബ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി ഉദ്‌ഘാടനം ചെയ്‌തു. സഹകരണസംഘം അഡീഷണൽ രജിസ്‌ട്രാർ കെ സജീവ് കർത്താ റിപ്പോർട്ട് അവതരിപ്പിച്ചു. നിർമാണ പ്രവൃത്തി പൂർത്തിയാക്കിയവർക്ക് തളിപ്പറമ്പ് ആർ.ഡി.ഒ ടി. വി രഞ്ജിത്ത് ഉപഹാരങ്ങൾ നൽകി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം കൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, ബ്ലോക്ക് പഞ്ചായത്തം പി .പി ഷനോജ്, പി രാജീവൻ, പി. ലക്ഷ്‌മണൻ, പി. കെ പ്രേമലത, കെ രാജീവൻ എന്നിവർ സംസാരിച്ചു. സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വീണ എൻ മാധവൻ സ്വാഗതവും സഹകരണ ജോ. രജിസ്‌ട്രാർ വി രാമകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
മൂന്നരക്കോടി രൂപ ചെലവിൽ രണ്ട് ബെഡ് റൂം, അടുക്കള ഉൾപ്പെടെ സൗകര്യങ്ങളുള്ള വീടുകളാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ചത്. 2018ലെ പ്രളയക്കെടുതിയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് 200 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ വീട് നഷ്ടപ്പെട്ടവർക്കും സ്വന്തമായി വീട് നിർമിക്കാൻ സ്ഥലം ഇല്ലാത്തവർക്കുമാണ് ഭവന സമുച്ചയം നിർമിച്ചത്.