കൊല്ലം-ചെങ്കോട്ട; കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയ്ക്ക് 120 വയസ്സ്

Share our post

1904 നവംബര്‍ 26-ന്, 21 ആചാരവെടികളുടെ അകമ്പടിയില്‍, കൊല്ലത്തെ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന രാമയ്യ പച്ചക്കൊടി വീശി യാത്രയയച്ച കല്‍ക്കരി തീവണ്ടി ചരിത്രത്തിലേക്കാണ് ചൂളംവിളിച്ച് എത്തിയത്. കല്‍ക്കരിവണ്ടി മാറി വൈദ്യുത ലോക്കോ എന്‍ജിന്‍ എത്തിയെങ്കിലും സഹ്യപര്‍വതനിരകളുടെ മടക്കുകളിലൂടെ നീളുന്ന യാത്രയുടെ കാഴ്ചയ്ക്ക് അന്നുമിന്നും പുതുമ മങ്ങാത്ത ഒരേ സൗന്ദര്യം.1873-ലാണ് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ കൊല്ലത്തെയും ചെങ്കോട്ടയെയും ബന്ധിപ്പിച്ച് മീറ്റര്‍ഗേജ് തീവണ്ടിപ്പാത കൊണ്ടുവരാന്‍ ആലോചിച്ചത്. പാത നിര്‍മിക്കാന്‍ അന്നത്തെ മുഖ്യ വ്യവസായകേന്ദ്രവും തിരുവിതാകൂറിന്റെ മധ്യഭാഗവുമായ കൊല്ലത്തെക്കാള്‍ ഉചിതമായ മറ്റൊരു സ്ഥലമില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കി.

സര്‍ക്കാര്‍ അനുവദിച്ച 17 ലക്ഷവും റെയില്‍വേയുടെ ഏഴുലക്ഷം രൂപയും തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമയ്യങ്കാര്‍ അനുവദിച്ച ആറുലക്ഷം രൂപയുമായിരുന്നു മൂലധനം.1888-ല്‍, ഉത്രം തിരുനാളിന്റെ കാലത്ത് സര്‍വേ തുടങ്ങി. 1900-ല്‍ നിര്‍മാണം ആരംഭിച്ചു. പുഴകള്‍ക്കു കുറുകേ പാലം പണിതും മലനിരകള്‍ തുരന്ന് തുരങ്കങ്ങള്‍ നിര്‍മിച്ചും ശ്രമകരമായ ജോലികള്‍ തീര്‍ത്ത് 1902-ല്‍ പാത പൂര്‍ത്തിയാക്കി.ആദ്യം ചരക്കുതീവണ്ടിയോടിച്ച് പരീക്ഷിച്ച പാതയില്‍ 1904 ജൂലായ് ഒന്നിന് ആദ്യ യാത്രാവണ്ടിയോടി. ശക്തമായ മഴയില്‍ തുരങ്കങ്ങളുടെ ചുവരുകള്‍ തകര്‍ന്നതിനാല്‍ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് കൊല്ലത്തുനിന്ന് പുനലൂര്‍വരെ മാത്രം. പുകതുപ്പി കിതച്ചോടിയ കല്‍ക്കരി തീവണ്ടിക്ക് നാട്ടുകാര്‍ പേരുമിട്ടു-ധൂമശകടാസുരന്‍.

94 കിലോമീറ്റര്‍ നീളുന്ന ഈ പാത ബ്രോഡ്ഗേജാക്കുന്ന ജോലികള്‍ ആരംഭിച്ചത് 94 വര്‍ഷത്തിനുശേഷമാണ്.2010 മേയ് 10-ന് കൊല്ലംമുതല്‍ പുനലൂര്‍വരെ 45 കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യ ബ്രോഡ്ഗേജ് തീവണ്ടിയോടി. 49 കിലോമീറ്റര്‍ നീളുന്ന പുനലൂര്‍-ചെങ്കോട്ട പാതയിലും ഗേജ്മാറ്റം പൂര്‍ത്തിയാക്കി എട്ടുകൊല്ലത്തിനുശേഷം 2018-ലാണ് കൊല്ലംമുതല്‍ ചെങ്കോട്ടവരെയും ബ്രോഡ്ഗേജ് തീവണ്ടിയോടിയത്.കൊല്ലം-പുനലൂര്‍ പാതയില്‍ ആദ്യ വൈദ്യുത തീവണ്ടിയോടിയത് 2022 ജൂണ്‍ ഒന്‍പതിനാണ്. 2024 ജൂലായ് 27-ന് പുനലൂര്‍-ചെങ്കോട്ട പാതയിലും വൈദ്യുത തീവണ്ടിയോടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!