ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

മറയൂര്‍: അഞ്ചുവര്‍ഷംമുമ്പുവരെ മറയൂര്‍, കാന്തല്ലൂര്‍ മേഖല കേരളത്തിനകത്തും പുറത്തും അത്ര പരിചിതമായിരുന്നില്ല. മറയ്ക്കപ്പെട്ട ഊരായിരുന്നു ഇത്. വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്റുകളും ഉള്‍പ്രദേശങ്ങളില്‍ ആയിരുന്നതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് പരിമിതമായ സ്ഥലങ്ങളില്‍മാത്രമേ എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.മറയൂര്‍ ടൗണിലെ ജീപ്പ് ഡ്രൈവര്‍മാര്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ പദ്ധതി തയ്യാറാക്കി രംഗത്ത് എത്തിയതോടെ, ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും ഗുണകരമായി. ഈ മേഖലയിലെ ഉള്‍പ്രദേശങ്ങളിലുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ജീപ്പ് ട്രക്കിങ്ങുകൂടി ആരംഭിച്ചതോടെ വിനോദസഞ്ചാര മേഖല ഉയരത്തിലേക്ക് കുതിച്ചു. അഞ്ചുവര്‍ഷംകൊണ്ട് പതിന്‍മടങ്ങ് സഞ്ചാരികളാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെത്തിയത്.
ഇതിന് പ്രധാന കാരണം ജീപ്പ് ട്രെക്കിങ്ങാണ്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കാണാന്‍ കഴിയാതിരുന്ന കാഴ്ചകള്‍ ജീപ്പില്‍പോയി കാണാം. വിവിധങ്ങളായ കാഴ്ചകള്‍ കണ്ടാണ് അഞ്ചുമണിക്കൂര്‍ തുടരുന്ന, നാല്‍പ്പതിലധികം കിലോമീറ്ററുകള്‍ നീളുന്ന ട്രെക്കിങ് അവസാനിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന മറയൂരിലെ നാച്ചിവയല്‍ ചന്ദനക്കാടുകള്‍ക്ക് സമീപമെത്തിയാല്‍ കാട്ടുപോത്ത്, മാന്‍, മ്യാവ് എന്നീ വന്യജീവികളെയും കാണാം. വെട്ടുകാടിലെ മറയൂര്‍ ശര്‍ക്കര ഉത്പാദന യൂണിറ്റ്, കച്ചാരം വെള്ളച്ചാട്ടം, നൂറിലധികം തേന്‍കൂടുകളുള്ള തേന്‍പാറ, ഭ്രമരം വ്യൂപോയിന്റ്, ശീതകാല പച്ചക്കറി, പഴവര്‍ഗത്തോട്ടങ്ങള്‍ എന്നിവ കണ്ടുമടങ്ങി മറയൂരിലെത്തുന്ന സഞ്ചാരികള്‍ ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടത്തില്‍ കുളിച്ച് മുരുകന്‍മലയിലെ മുനിയറകളും കണ്ടാണ് മടങ്ങുന്നത്.