തൊഴിലുറപ്പിലെ കരാര്‍, ദിവസവേതന ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പിക്കാന്‍ ഇ.പി.എഫ്

കോട്ടയം: സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) ആനൂകൂല്യം. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലിചെയ്യുന്നവരെയെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേര്‍ക്കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു.ഇ.പി.എഫ്. നിയമപ്രകാരം 15,000 രൂപവരെ വേതനം വാങ്ങുന്നവരെയാണ് അംഗങ്ങളാക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ജീവനക്കാര്‍ക്ക് നിലവിലെ കുറഞ്ഞവേതനം 24,040 രൂപയാണ്. അതിനാല്‍ അവരെ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാകും പദ്ധതിയില്‍ ചേര്‍ക്കുക. 15,000 രൂപവരെ വേതനമുള്ള താത്കാലികജീവനക്കാരെ നിര്‍ബന്ധമായും ചേര്‍ക്കും.
15,000 രൂപയൊ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്ന താത്കാലികജീവനക്കാരന്‍ 1800 രൂപ (15,000 രൂപയുടെ 12 ശതമാനം) പി.എഫിലേക്ക് അടയ്ക്കണം. 1950 രൂപയാണ് (15,000 രൂപയുടെ 13 ശതമാനം) തൊഴിലുടമയുടെ വിഹിതം. തദ്ദേശസ്ഥാപനങ്ങളോ ബന്ധപ്പെട്ട ജില്ല, സംസ്ഥാന അധികാരികളോ ശ്രം സുവിധ പോര്‍ട്ടലില്‍ തൊഴിലുടമയെന്നനിലയില്‍ രജിസ്റ്റര്‍ചെയ്ത് എല്ലാമാസവും 15-നുമുമ്പ് മൊത്തം തുകയും പി.എഫ്. ഫണ്ടിലേക്ക് അടയ്ക്കണം.തൊഴിലുറപ്പ് ഭരണച്ചെലവിനുള്ള പണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരാണ് അനുവദിക്കുന്നത്. ഇതുകിട്ടാന്‍ പലപ്പോഴും കാലതാമസമുണ്ടാകും. അതിനാല്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതുഫണ്ടില്‍നിന്ന് അടയ്ക്കാനാണ് നിര്‍ദേശം. കേന്ദ്രഫണ്ട് കിട്ടുന്നമുറയ്ക്ക് തിരികെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും.
ഇ.പി.എഫില്‍ നിക്ഷേപിക്കുന്ന തുക എളുപ്പം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പ്രധാന പ്രത്യേകത.എന്നാല്‍, അടിയന്തരസാഹചര്യങ്ങളില്‍ ഉപാധികളോടെ പിന്‍വലിക്കാനുമാകും. ജോലി ഉപേക്ഷിച്ച് ഒരുമാസത്തിനുശേഷം ഇ.പി.എഫ്. ഫണ്ടിന്റെ 75 ശതമാനവും രണ്ടുമാസത്തെ തൊഴിലില്ലായ്മയ്ക്കുശേഷം ബാക്കിയും പിന്‍വലിക്കാനാകും.