രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Share our post

കാട്ടാക്കട: യാത്രയ്ക്കായി ബസില്‍ കയറിയവര്‍ ഡ്രൈവിങ് സീറ്റില്‍ ഒരു പെണ്‍കുട്ടി കയറിയിരിക്കുന്നതു കണ്ടിരുന്നു. എന്നാല്‍, ഒരു ചരിത്രയാത്രയ്ക്കാണ് തങ്ങള്‍ സാക്ഷ്യംവഹിക്കുന്നതെന്ന് അവര്‍ക്ക് ആദ്യം മനസ്സിലായില്ല. മനസ്സിലായപ്പോഴേക്കും അതൊരു കൗതുകമായി, ഒപ്പം അഭിമാനവും. കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ജില്ലയില്‍ ആദ്യമായി ഡ്രൈവിങ് സീറ്റിലേക്ക് ഒരു വനിതയെത്തി.

കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടില്‍ രാജി(35)യാണ് ട്രാന്‍സ്പോര്‍ട്ട് ബസിന്റെ വളയംപിടിക്കാന്‍ കാട്ടാക്കട ഡിപ്പോയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒറ്റശേഖരമംഗലം-പ്ലാമ്പഴഞ്ഞിയിലേക്കുള്ള സര്‍വീസിന് ഡബിള്‍ബെല്‍ കൊടുത്തതും വനിതയായ അശ്വതി ആയിരുന്നു. ഒരു പതര്‍ച്ചയുംകൂടാതെ ആ സര്‍വീസും പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സര്‍വീസുകളും പൂര്‍ത്തിയാക്കി 150 കിലോമീറ്റര്‍ വണ്ടി ഓടിച്ച് രാത്രി 10-ഓടെ രാജി തിരിച്ചെത്തുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ അഭിമാനത്തോടെ അച്ഛന്‍ റസാലം എത്തിയിരുന്നു.

ഒരു ഡ്രൈവര്‍ എന്നനിലയില്‍ കാട്ടാക്കടയില്‍ രാജിയെ അറിയാത്തവരില്ല. ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ നിരത്തുകളില്‍ ഡ്രൈവിങ് പരിശീലക എന്നനിലയില്‍ ചിരപരിചിതയാണ് രാജി. കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ച് അപേക്ഷ ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി. ടെസ്റ്റില്‍ ഉള്‍പ്പെടെ വിജയം. വര്‍ഷങ്ങളോളം കാട്ടാക്കടയില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു അച്ഛന്‍ റസാലം. കുട്ടിക്കാലത്ത് അച്ഛന്റെ കാറും, പിന്നീട് ലോറിയുമൊക്കെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ വാഹനം കഴുകാനും അറ്റകുറ്റപ്പണിക്കുമൊക്കെ രാജിയും കൂടും. ഈ ചങ്ങാത്തമാണ് രാജിക്കു വാഹനങ്ങളോടുള്ളത്.

പിന്നീട് ബിരുദ പഠനകാലത്തും കമ്പം വിട്ടില്ല. വാഹനങ്ങള്‍ ഓടിക്കാന്‍ പഠിപ്പിച്ചതും അച്ഛനാണ്. പിന്തുണയുമായി അമ്മ ശാന്തയും ചേര്‍ന്നതോടെ ഡ്രൈവിങ് ഹരമായി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ പിന്തുണയും കിട്ടി. ജീവിതമാര്‍ഗത്തിനായാണ് ഡ്രൈവിങ് പരിശീലക ആകുന്നത്. ഇപ്പോഴിതാ സ്ഥിരംതൊഴിലായി ലഭിച്ചതും ഡ്രൈവിങ് തന്നെ. രാജി സന്തോഷത്തിലാണ്. അഭിനന്ദനങ്ങളുമായി സഹപ്രവര്‍ത്തകരും ആദ്യ യാത്രയ്‌ക്കെത്തിയതും സന്തോഷം ഇരട്ടിപ്പിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!