മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

Share our post

ആലപ്പുഴ: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. അതിനാല്‍, സമയപരിധി ഇനി നീട്ടി നല്‍കിയേക്കില്ലെന്നാണു വിവരം. നവംബര്‍ 30-നു സമയപരിധി തീരും.മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. അതില്‍ 9,75,880 പേര്‍ മസ്റ്ററിങ് നടത്തി. 1,60,435 പേരാണ് ഇനി ബാക്കി. ഇതരസംസ്ഥാനത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

മസ്റ്ററിങ് നടത്താന്‍ കഴിയാത്ത ജീവിച്ചിരിക്കുന്നര്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അവരെ മാറ്റിനിര്‍ത്തിയാകും റേഷന്‍ കാര്‍ഡില്‍നിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു വിവരം.വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍നിന്ന് നീക്കില്ല. പകരം അവരുടെ ഭക്ഷ്യധാന്യ വിഹിതം നിര്‍ത്തലാക്കും. ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് അതത് സംസ്ഥാനത്ത് മസ്റ്ററിങ് നടത്താന്‍ സൗകര്യമുണ്ടായിരുന്നു. അതിനാല്‍, അത് പ്രയോജനപ്പെടുത്താത്തവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ഉടന്‍ തീരുമാനമുണ്ടാകും.

അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആപ്പുവഴിയും മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുണ്ടെന്ന് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കു പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ വിവരവും ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പോര്‍ട്ടബിലിറ്റി വിനയായി; കണക്കെടുപ്പിനു വ്യക്തതയില്ല

മസ്റ്ററിങ് ചെയ്യാത്ത ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കാന്‍ റേഷന്‍ കടക്കാരോട് സിവില്‍ സപ്ലൈസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോര്‍ട്ടബിലിറ്റി സംവിധാനമുള്ളതിനാല്‍ സ്ഥിരമായി പലരും ഒരേ റേഷന്‍കടയില്‍ എത്താറില്ല. അതുകൊണ്ടുതന്നെ കണക്കിനു കൃത്യതയുണ്ടാകില്ലെന്ന വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്.

പിങ്ക് കാര്‍ഡിലേക്കു മാറാന്‍ അപേക്ഷ നാളെമുതല്‍

ആലപ്പുഴയില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡിലേക്കു മാറ്റാന്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 12-ആണ് അവസാനത്തീയതി. അക്ഷയകേന്ദ്രങ്ങള്‍വഴിയാണ് അപേക്ഷിക്കേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!