സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

കോളയാട് : സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനെ പരിഗണിക്കുന്നതായി സൂചന. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിശ്ചയിക്കുന്നതിൽ തടസ്സമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ഔദ്യോഗിക വിഭാഗവുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ സുധാകരനോടാണ് ജില്ലാ നേതൃത്വത്തിനും താല്പര്യം.അതേസമയം,മണത്തണ ലോക്കൽ മുൻ സെക്രട്ടറി ടി. വിജയൻ, പേരാവൂർ ലോക്കൽ മുൻ സെക്രട്ടറി കെ. എ. രജീഷ് എന്നിവരും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട് എന്നാണറിയുന്നത്.
19 അംഗ കമ്മറ്റി 21 അംഗ കമ്മിറ്റിയാക്കാനും സാധ്യതയുണ്ട്. കമ്മിറ്റിയിൽ നിന്ന് ഒഴിവായ എം. എസ് അമലിന് പകരം ടി. രഗിലാഷോ ശ്രീജിത്ത് കാരായിയോ വന്നേക്കും. പ്രായാധിക്യം കാരണം രണ്ട് അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. ഇവർക്ക് പകരം കൊട്ടിയൂർ ലോക്കലിൽ നിന്നും കോളയാട് ലോക്കലിൽ നിന്നുമായി രണ്ട് പേരെ ഉൾപ്പെടുത്തും. മുൻ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സുരേഷ് കുമാർ ഇത്തവണ ഏരിയ കമ്മിറ്റിയിൽ മടങ്ങിയെത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കാത്തത് സുരേഷ്‌കുമാറിന് തിരിച്ചടിയാവും. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ ക്രമക്കേട് ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിൽ പ്രധാന ചർച്ചയായി. സംഘം ക്രമക്കേടിൽ ആരോപണ വിധേയനായ ഏരിയ കമ്മിറ്റിയംഗം കെ. ശശീന്ദ്രനെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനമാണുണ്ടായത്.