ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

പേരാവൂർ : ബെംഗളൂരു കേന്ദ്രമാക്കി വീസ തട്ടിപ്പ് നടത്തി വന്ന മലയാളിയെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി സ്വദേശി ബിനോയ് ജോർജിനെയാണ് (41) പേരാവൂർ എസ്.ഐ.അബ്ദുൾ നാസർ, എ.എസ്.ഐ മുഹമ്മദ് റഷീദ്, സി.പി.ഒ കെ.ഷിജിത്ത് എന്നിവർ ചേർന്ന് മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. അയർലൻഡിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് ഒരു വർഷം മുൻപ് പേരാവൂർ വെള്ളർവള്ളി സ്വദേശിയായ യുവാവിൽ നിന്ന് 1.7 ലക്ഷം രൂപ ഇയാൾ വാങ്ങിയിരുന്നു. കൂടാതെ കരിക്കോട്ടക്കരി സ്വദേശിയായ യുവാവിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതായും പരാതിയുണ്ട്. വീഡിയോ കോളിൽ ബെംഗളൂരുവിലെ ഓഫിസ് ഇരകൾക്ക് കാണിച്ചു കൊടുത്ത് വിശ്വാസം ജനിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.അയർലൻഡിലെ ഹോട്ടലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൈപ്പറ്റി കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇയാൾ ഫോൺ നമ്പർ മാറ്റും. ഇയാളെ ഒരാഴ്ചയോളം പിന്തുടർന്ന് കണ്ടെത്തിയാണ് മൈസൂരുവിൽ നിന്ന് പിടികൂടിയത്. ഇയാളുടെ കൂട്ടാളി ഷോബി എന്ന അനിൽകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.