കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

ചക്കരക്കൽ : നാട്ടുകാർക്ക് അപകടഭീഷണി ഉയർത്തും വിധം പഴശ്ശി കനാലിൽ കാട് മൂടി. പല ഭാഗത്തും കാട് വെട്ടിത്തെളിക്കുന്ന ജോലി വർഷങ്ങളായി നടന്നിട്ടില്ല. കാട് മൂടിയ കനാലിൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനത്തിൽ മാലിന്യം എത്തിച്ച് തള്ളുന്നതും പതിവാണ്. ആഴമുള്ളതിനാലും കാട് പിടിച്ചതു കൊണ്ടും മാലിന്യം പരിസരവാസികളുടെ ശ്രദ്ധയിൽ പെടുന്നതു ദുർഗന്ധം ഉയരുമ്പോൾ മാത്രമാണ്. പല ഭാഗത്തും 15 മുതൽ 20 അടി വരെ താഴ്ചയാണ് കനാലിനുള്ളത്. കൂറ്റൻ മരങ്ങളും കനാലിനോടു ചേർന്നു വളർന്നിട്ടുണ്ട്. കാട് കാരണം കനാലിന്റെ അടിഭാഗം കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇഴജന്തുക്കളുടെ ശല്യവും യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. വാഹനം തട്ടിയും മറ്റും ചത്തുപോകുന്ന കീരി, പാമ്പ്, പൂച്ച തുടങ്ങിയ ജീവികളെയും കനാലിൽ തള്ളുന്ന അവസ്ഥയുണ്ടെന്നു പരിസരവാസികൾ പറയുന്നു.മാലിന്യമുക്ത കേരളം ക്യാംപെയ്ൻ നടക്കുന്ന സമയത്തും പഴശ്ശി കനാലിലെ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുകയാണ്. ഇത് നീക്കം ചെയ്യലും അധികൃതർക്കു തന്നെ തലവേദന സൃഷ്ടിക്കുമെന്നു നാട്ടുകാർ പറയുന്നു.