ഇത്തരം കമന്റുകൾ പറയാറുണ്ടോ പണി കിട്ടും; ഗാര്‍ഹിക പീഡനത്തിന് ജയിലിലായെന്നും വരാം

Share our post

പലതരത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ നിത്യജീവിതത്തിൽ കേൾക്കുന്നതാണ്. നീ വല്ലാതങ്ങു കറുത്തു പോയല്ലോ, വണ്ണം കൂടിയല്ലോ, മേലിഞ്ഞ് പോയല്ലോ മുടിയെല്ലാം കൊഴിഞ്ഞു മൊട്ടത്തല ആകുന്നുണ്ടല്ലോ.. ഇത്തരം കമന്റുകൾ സ്ഥിരം പറയുന്നവർ നമ്മുടെ ഇടയിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് വാക്കുകൾ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ, ഇല്ലെങ്കില്‍ ഏട്ടിന്റെ പണി കിട്ടും.

പലപ്പോഴും ആത്മവിശ്വാസം തകർത്തുന്ന തരത്തിലാണ് പലരും ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നത്. സ്വന്തം ശരീരത്തെ വെറുക്കുക, അപകർഷതാബോധം കൂടുക, ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവപ്പെടുക, മാനസിക സമ്മർദം ഉണ്ടാകുക തുടങ്ങി ബോഡി ഷെയ്മിങ്ങിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. കുട്ടികളെയും കൗമാരക്കാരെയുമാണ് കൂടുതലായി ഇത് ബാധിക്കുന്നത്. വണ്ണം, ഉയരം, നിറം, തലമുടി, അവയവങ്ങളുടെ വലുപ്പം, ശബ്ദത്തിന്റെ പ്രത്യേകത, പ്രായം, വേഷം തുടങ്ങി എന്തും ബോഡി ഷെയ്മിങ്ങിനു വിഷയമാകാറുണ്ട്.

എന്നാൽ ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നവർ ഇനി നിയമ കുരുക്കിൽപ്പെടുന്നതാണ്. ബോഡി ഷെയ്‌മിങ് നടത്തി വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഹർജിക്കാരി. ഭർത്താവും അമ്മായിയച്ഛനും ആണ് ഒന്നും രണ്ടും പ്രതികൾ. മൂവർക്കുമെതിരെ ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2019 ൽ ഭര്‍ത്തൃവീട്ടിൽ എത്തിയതായിരുന്നു യുവതി. എന്നാൽ അധിക്ഷേപം സഹിക്കാൻ കഴിയാതെ 2022ൽ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

യുവതിക്ക് നല്ല ശരീരാകൃതിയില്ലെന്നും ‌ഭർത്താവിന്റെ സഹോദരന് കൂടുതൽ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി. യുവതിയുടെ എംബിബിഎസ് യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.എന്നാൽ, ഇതൊന്നും ഗാർഹികപീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു എതിര്‍കക്ഷിയുടെ വാദം. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകു എന്നും കോടതി വിലയിരുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!