41 വർഷത്തെ അധ്യാപനം, 73ലും ക്ലാസ് മുറിയിൽ; അമ്മിണി ടീച്ചർ പറയും ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍

നെടുങ്കണ്ടം: ‘ദേ ഷട്ട് ദ റോഡ് ത്രൂ ദ വുഡ്സ് സെവന്റി ഇയേഴ്സ് എഗോ…’ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ദി വേ ത്രൂ ദി വുഡ്‌സ് എന്ന കവിത ഉറക്കെ വായിച്ച് കുട്ടികൾക്ക് വിശദീകരിക്കുകയാണ് 73 കാരിയായ അമ്മിണി ജേക്കബ്. പ്രായത്തിന്റെ അവശതകൾ പലതുണ്ട്. കൂടെ കഴിഞ്ഞദിവസം തോളെല്ല് പൊട്ടിയതിന്റെ കഠിനവേദനയും. എന്നാൽ ക്ലാസ് മുറിയിലെത്തിയാൽ ഇതെല്ലാം പടിക്ക് പുറത്താണെന്ന് പറയും കുട്ടികളുടെ പ്രിയപ്പെട്ട ഈ ടീച്ചറമ്മച്ചി.
ഈ ഊർജമാണ് കഴിഞ്ഞ 45 വർഷം അധ്യാപനരംഗത്ത് തന്നെ നിലനിർത്തിയതെന്ന് ടീച്ചർ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമായി പതിനായിരങ്ങളുടെ ശിഷ്യ സമ്പത്തുള്ള അമ്മിണി നെടുങ്കണ്ടം എസ്.ഡി.എ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി എത്തുന്നത് 1978-ലാണ്. നീണ്ട 41 വർഷം, സ്ഥാനകയറ്റങ്ങൾ ലഭിച്ചിട്ടും അതെല്ലാം തിരസ്‌കരിച്ച് 2014-ൽ ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചു. എന്നാൽ പ്രിയപ്പെട്ട ടീച്ചറെ ഇനിയും സ്‌കൂളിന് വേണമെന്ന് സ്‌കൂൾ അധികാരികൾ ആഗ്രഹിച്ചു. അധ്യാപികയായിതന്നെ മരിക്കണമെന്ന മോഹം ടീച്ചർക്കും. അങ്ങനെ സ്‌കൂൾ മാനേജ്‌മെന്റിന്റെ സ്‌നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി രണ്ടാഴ്ചയ്ക്കുശേഷം താത്കാലിക അടിസ്ഥാനത്തിൽ തിരികെ ജോലിയിലേക്ക്.
കോവിഡ് മഹാമാരി വന്നപ്പോൾ ഓൺലൈൻ ക്ലാസുകളുമായി പൊരുത്തപ്പെടാനാകാതെ ഒരുവർഷം മാറിനിന്നു. അധ്യാപനത്തോടൊപ്പം കുട്ടികളോട് പ്രകടിപ്പിക്കുന്ന സ്‌നേഹവാത്സല്യങ്ങൾ കൂടിയാണ് ടീച്ചറെ സ്‌കൂളിനും കുട്ടികൾക്കും പ്രിയങ്കരിയാക്കുന്നതെന്ന് പ്രിൻസിപ്പൽ സണ്ണി കെ.ജോൺ പറയുന്നു. അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിൽ അല്ല. എന്നാൽ കുട്ടികളെ സ്‌നേഹപൂർവം ശാസിക്കുന്നതിനുപോലും അധ്യാപകർക്കെതിരേ നടപടി ഉണ്ടാകുന്ന പ്രവണതകൾ നല്ലതല്ലെന്നും അമ്മിണി ടീച്ചർ പറയുന്നു.
ഭർത്താവ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ച പരേതനായ പി.സി. ജയചന്ദ്രൻ. മകൻ ബിബിൻ നെടുങ്കണ്ടം ടെലിവിഷൻ ചാനലുകളിൽ മിമിക്രി കലാകാരനാണ്. മകൾ മോനിഷ, നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളിൽ അധ്യാപികയാണ്.