കെ.എസ്.ആര്‍.ടി.സി.യില്‍ ജനുവരി മുതല്‍ ഒന്നാം തീയതി ശമ്പളം

Share our post

കൊല്ലം: കെ.എസ്.ആര്‍.ടി.സി.യില്‍ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാന്‍ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതല്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍.

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡിവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനെ (കെ.ടി.ഡി.എഫ്.സി.) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമാകുന്നത്. ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെ.എസ്.ആര്‍.ടി സി.ക്ക് വായ്പ നല്‍കും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായും നല്‍കും.

ശമ്പളം കൃത്യമായി നല്‍കിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സര്‍ക്കാര്‍ നല്‍കുന്ന 50 കോടി രൂപയും കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും. ഇതുസംബന്ധിച്ച് അടുത്തിടെ സി.എം.ഡി., കേരള ബാങ്ക് അധികൃതര്‍, ബാങ്ക് കണ്‍സോര്‍ഷ്യം പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

എസ്.ബി.ഐ., പി.എന്‍.ബി., കനറാ ബാങ്ക് തുടങ്ങിയവ ഉള്‍പ്പെട്ട ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ കേരള ബാങ്കിനെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള രജിസ്‌ട്രേഷനും മുദ്രപ്പത്രചെലവുകള്‍ക്കായി 9.62 കോടി രൂപ സര്‍ക്കാര്‍ ഒഴിവാക്കിനല്‍കിയിരുന്നു. ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തിലായി. കേരള ബാങ്കിനുള്ള നബാര്‍ഡിന്റെ അനുമതിമാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി ലഭിച്ചാല്‍ ഡിസംബര്‍ രണ്ടാംവാരംതന്നെ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ കേരള ബാങ്ക് ഉള്‍പ്പെടും.

ശബരിമല സീസണ്‍ അവസാനിക്കുന്ന ജനുവരി രണ്ടാംവാരത്തിനുശേഷം അംഗീകൃത യൂണിയനുകളെ നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കുമെന്നതിനാല്‍ ഭരണകക്ഷി യൂണിയനുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഹിതപരിശോധനയില്‍ ഇത് മുഖ്യ പ്രചാരണവിഷയമാകാനും സാധ്യതയേറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!