ലാ ആർട്ട്‌ഫെസ്റ്റിൽ ജോയ് ചാക്കോയുടെ ചിത്രപ്രദർശനവും ചിത്രകലാ ക്യാമ്പും

പേരാവൂർ: ചിത്ര, ശില്പ , കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ഒത്തുചേരൽ വേദിയായ ലാ ആർട്ട്‌ഫെസ്റ്റ് ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. മണത്തണ കോട്ടക്കുന്നിലാണ് മുതിർന്ന ചിത്രകാരൻ ജോയ് ചാക്കോയുടെ 50 വർഷത്തെ കലാജീവിതത്തെ അടയാളപ്പെടുന്ന ചിത്രപ്രദർശനവും ഇരുപതോളം മുഖ്യധാരാ ആർട്ടിസ്റ്റുമാരുടെ ചിത്രകലാ ക്യാമ്പും ജനുവരി നാല് ,അഞ്ച് തീയതികളിൽ നടക്കുക.1989-ലെ ലളിതകലാ അക്കാദമി അവാർഡ് ജേതാവായജോയ് ചാക്കോ 50 വർഷത്തിലേറെയായി തുടരുന്ന കലാജീവിതത്തെ ആദരിക്കാനാണ് സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ചേർന്ന് ചിത്രപ്രദർശനം ഒരുക്കുന്നത്.വരും വർഷങ്ങളിൽ എല്ലാ കലാ മേഖലകളിൽ നിന്നുമുള്ള കലാപ്രവർത്തകർക്ക് ലാ ഫെസ്റ്റിൽ അവസരങ്ങൾ നൽകുമെന്നും സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ ആർട്ടിസ്റ്റ് ജയിൻ, സി.എം.ജെ മണത്തണ, എം.സുനിൽകുമാർ , തോമസ് കളപ്പുര, ജോസ് ജോസഫ്, എം.വി.മാത്യു എന്നിവർ സംബന്ധിച്ചു.