ഇതരവിഭാഗത്തിന്റെ എതിർപ്പിൽ മതസ്ഥാപനങ്ങൾക്ക് അനുമതി നിഷേധിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി : ഇതര വിഭാഗത്തിൽപ്പെട്ടവർ എതിർപ്പുന്നയിച്ചതിൻ്റെ പേരിൽ മതസ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുമതി നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. കടലുണ്ടി വില്ലേജിൽ കെ.ടി. മുജീബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുസ്‌ലിം പ്രാർഥനാ ഹാൾ നടത്തുന്നത് തടഞ്ഞ കോഴിക്കോട് കളക്ടറുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിൻ്റെ നിരീക്ഷണം.
സ്വന്തം വിശ്വാസം അനുഷ്ഠിക്കാനും പ്രഖ്യാപിക്കാനുമുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. സമീപത്ത് മറ്റൊരു മോസ്‌കുണ്ടെന്നതും മറ്റൊന്ന് സ്ഥാപിക്കാനുള്ള അപേക്ഷ നിഷേധിക്കാൻ കാരണമല്ല. ഭൂമി നിയമപരമായി ഉപയോഗിക്കാനുള്ള മൗലികാവകാശം ഭരണകൂടം സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.
ഹർജിക്കാരൻ്റെ അപേക്ഷ വീണ്ടും പരിഗണിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചനടത്തി മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. മതസ്ഥാപനമായി പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുംവരെ മതപരമായ ചടങ്ങുകൾ നടത്തരുതെന്നും നിർദേശമുണ്ട്
2004 മുതൽ ഹർജിക്കാരൻ തൻ്റെ സ്ഥലത്തുള്ള കെട്ടിടത്തിൽ പ്രാർഥനാ ഹാൾ നടത്തിയിരുന്നു. പരാതിയുയർന്നതോടെയാണ് കളക്ടർ 2020-ൽ അനുമതി നിഷേധിച്ചത്. കൊയിലാണ്ടി നഗരസഭയും നോട്ടീസ് നൽകി യിരുന്നു.