പി.എസ്‍.സി നിയമനം 30,000 കടന്നു; പൊലീസിൽ 2043 പേര്‍ കൂടി

Share our post

തിരുവനന്തപുരം:സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിൽ പ്രതീക്ഷിത ഒഴിവുകൂടി കണ്ട് 2043 പേരെകൂടി നിയമിക്കുന്നു. പലജില്ലകളിലും നിയമന ശുപാർശ അയച്ചുതുടങ്ങിയതായി പിഎസ്‌സി അറിയിച്ചു. 2025 ജൂൺ വരെയുണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾ കണക്കാക്കിയാണ് സിപിഒ പരിശീലനത്തിന്‌ ഇത്രയുംപേരെ നിയമിക്കുന്നത്. ഒമ്പതുമാസത്തെ പരിശീലത്തിനുശേഷമാകും ഇവരുടെ നിയമനം.

2024ൽ പിഎസ്‍സി നിയമന ശുപാർശകളുടെ എണ്ണം 30,000 കടന്നു. ഇതുവരെയയുള്ള കണക്കനുസരിച്ച്‌ 30,363 പേർക്കാണ് ഇക്കാലയളവിൽ വിവിധ തസ്‌തികകളിലേക്ക്‌ നിയമനശുപാർശ അയച്ചത്.
സാമ്പത്തിക പ്രതിസന്ധിയാൽ പിഎസ്‍സി നിയമനങ്ങൾ നടക്കുന്നില്ലെന്ന് പ്രതിപക്ഷവും ചില മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുമ്പോഴാണ്‌ ഈ കുതിപ്പ്. ഡിസംബർ പൂർത്തിയാകുമ്പോൾ ആകെ നിയമനങ്ങളുടെ എണ്ണം 34,000 കടക്കുമെന്ന്‌ അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാർ അവശ്യമേഖലകളിൽ പുതിയ തസ്‌തികകൾ സൃഷ്ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതും നിയമനങ്ങൾ വർധിപ്പിച്ചു. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് നിർദേശം നൽകി. അടുത്ത ഒരുവർഷത്തെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്‌.

2016 മേയിൽ എൽ.ഡി.എഫ് സർക്കാർ വന്നശേഷം 2,65,200 പേർക്കാണ് നിയമന ശുപാർശ നൽകിയത്. എൽഡി ക്ലർക്ക് തസ്‌തികയിൽ 10,511 ഉം ലാസ്‌റ്റ്‌ ​ഗ്രേഡ് തസ്‌തികയിൽ 7800 ഉം നിയമന ശുപാർശ അയച്ചു. മറ്റു സംസ്ഥാനങ്ങളിൽ പതിനായിരത്തിൽ താഴെ നിയമനവുമായി പിഎസ്‍സി നോക്കുകുത്തിയാകുമ്പോഴാണ്‌ കേരള പിഎസ്‍സിയുടെ നേട്ടം. ഒരു റാങ്ക് ലിസ്‌റ്റ്‌ കാലാവധിയാകുമ്പോൾത്തന്നെ പുതിയത്‌ നിലവിൽ വരുന്നവിധം കൃത്യമായ ആസൂത്രണമാണ്‌ പിഎസ്‌സി നടപ്പാക്കുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!