ഒരു ദിവസം അഞ്ച് ലക്ഷം യാത്രക്കാർ; ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം

Share our post

ന്യൂഡൽഹി: ഒരു ദിവസം അഞ്ച് ലക്ഷം യാത്രക്കാരുമായി ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം. നവംബർ 17ാം തീയതിയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ വ്യോമയാനരംഗം ചരിത്രം കുറിച്ചത്. അഞ്ച് ലക്ഷം ആഭ്യന്തര യാത്രക്കാരാണ് അന്ന് വിമാനങ്ങളിൽ യാത്ര ചെയ്തത്. 3173 വിമാനങ്ങളിലാണ് ഇത്രയും പേർ യാത്ര ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ എയർ ട്രാഫിക്കിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഇതിന്റെ തുടർച്ച തന്നെയാണ് നവംബർ 17നും ഉണ്ടായത്.

നവംബർ എട്ടാം തീയതി 4.9 ലക്ഷം പേരും നവംബർ ഒമ്പതാം തീയതി 4.96 ലക്ഷം പേരും വിമാനങ്ങളിൽ യാത്ര ചെയ്തിരുന്നു. നവംബർ 14,15 തീയതികളിൽ യഥാക്രമം 4.97 ലക്ഷവും 4.99 ലക്ഷം പേരും വിമാനങ്ങളിൽ യാത്ര ചെയ്തു. നവംബർ 16ന് 4.98 ലക്ഷം പേരും വിമാനങ്ങളിൽ യാത്ര ചെയ്തിരുന്നു.

ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികൾ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ വലിയ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിമാനയാത്രക്കാരുടെ റെക്കോഡുകൾ സംബന്ധിച്ച കണക്കുകൾ പുറത്ത് വരുന്നത്. ദീപാവലി തുടങ്ങിയതും വിവാഹസീസണ് തുടക്കം കുറിച്ചതും സ്കൂൾ അവധിയുമാണ് യാത്രക്കാരുടെ എണ്ണം റെക്കോഡിലെത്തുന്നതിനുള്ള കാരണം.

കോവിഡിന് ശേഷം ​രാജ്യത്തെ വിമാന ഫെയറുകൾ വൻതോതിൽ ഉയർന്നിരുന്നു. ഇത് വിമാനയാത്രക്കാരുടെ എണ്ണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്രമേണ വിമാനയാത്രികരുടെ എണ്ണം ഉയരുകയായിരുന്നു. ഉഡാൻ പദ്ധതിയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചതും യാത്രക്കാരുടെ എണ്ണം കൂടുന്നതിനുള്ള കാരണമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!