പ്രമുഖ ജ്യോതിഷപണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ജ്യൗതിഷിയും വാഗ്മിയും ഗ്രന്ഥകാരനുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട്(95) അന്തരിച്ചു. കുറച്ചുകാലമായി വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്ത് ഐശ്വര്യ ബംഗ്ലാവിലായിരുന്നു താമസം. അസുഖബാധിതനായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് അന്ത്യം. തൃപ്പൂണിത്തുറ ഏരൂരിലെ എളപ്രക്കോടത്ത് മനയിലെ അംഗമാണ്.
പൂഞ്ഞാർ രാജവംശത്തിലെ കേണൽ ഗോദവർമരാജയുടെ സഹോദരീപുത്രി ഭവാനി തമ്പുരാട്ടിയെ വിവാഹം കഴിച്ചശേഷം പൂഞ്ഞാർ കാഞ്ഞിരമറ്റം പാലസിലായിരുന്നു താമസിച്ചിരുന്നത്. ഗുരുകുലവാസത്തിൽ അഭ്യസനം കഴിഞ്ഞ അദ്ദേഹം നാടുവിട്ട് ആദ്യകാലത്ത് തഞ്ചാവൂരിൽ താമസിച്ചിരുന്നു. പിന്നീട് എറണാകുളത്ത് ഡാൻസ് മാസ്റ്ററായും കോഴിക്കോട് ആകാശവാണി ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. വിഴിഞ്ഞം പൗർണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിലെ തന്ത്രിയാണ്.
വേദം, സംഗീതം, നൃത്തകല, വിവിധ ഭാഷകൾ എന്നിവയിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും സ്വകാര്യ ജ്യൗതിഷിയായിരുന്ന അദ്ദേഹം ‘മാതൃഭൂമി’യടക്കം പല പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. േജ്യാതിഷരംഗത്ത് പ്രവചനസ്വഭാവമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 100 വർഷത്തെ പഞ്ചാംഗം ഗണിച്ച് എഴുതിയിരുന്നു.
ആന്ധ്ര സർക്കാരിന്റെ ആർഷജ്ഞാനസരസ്വതി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, കെ.ജെ.യേശുദാസ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബഹ്‌െെറനിലെ ഷെയ്ക്ക് അടക്കം നിരവധി വ്യക്തികൾ പൂഞ്ഞാറിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടി. മക്കൾ: മഞ്ജുള വർമ(റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), അജയ്‌വർമ രാജ(ഏഷ്യാനെറ്റ്), രഞ്ജിനി വർമ(മുൻ ആകാശവാണി മ്യൂസിക് പ്രൊഡ്യൂസർ). മരുമക്കൾ: മോഹനവർമ(റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), പ്രസാദ് വർമ(റിട്ട. എഫ്.എ.സി.ടി. ഉദ്യോഗസ്ഥൻ), രസിക. മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ തൃപ്പൂണിത്തുറ അന്യോന്യത്തിലേക്കു കൊണ്ടുപോകും. 10-ന് സംസ്‌കാരം.
പ്രവചനങ്ങൾകൊണ്ട് വിശ്വാസമുയർത്തിയ മിത്രൻ നമ്പൂതിരിപ്പാട്
കോട്ടയം: ജ്യോതിഷം അംഗീകരിക്കാൻ ആധുനികശാസ്ത്രം വിമുഖമായിരുന്നപ്പോഴും സത്യമായി ഭവിച്ച പ്രവചനങ്ങൾകൊണ്ട് പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് വിസ്മയം തീർത്തു. ആ പ്രവചനങ്ങൾ ചിലരുടെ ജീവിതം മാറ്റിമറിച്ചു. അതോടെ അദ്ദേഹം ചിലർക്ക് സത്യം നിറഞ്ഞ വിശ്വാസമായി വളർന്നു. അങ്ങനെ അദ്ദേഹത്തിന്റെ അടുപ്പങ്ങളിലേക്ക് ഇന്ദിരാഗാന്ധിയും എൽ.കെ.അദ്വാനിയും കെ. കരുണാകരനുമൊക്കെ എത്തി. ലോകത്തിന്റെ പല ഭാഗത്തും മിത്രൻ നന്പൂതിരിപ്പാടിന് സ്നേഹസൗഹൃദങ്ങളുണ്ടായി.
രാഷ്ട്രസുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ മിത്രൻ നമ്പൂതിരിപ്പാട് മുന്നറിയിപ്പ് നൽകി. 2001-ൽ ഇന്ത്യയിൽ അനർഥമുണ്ടാകുമെന്ന് താൻ മുന്നറിയിപ്പ് നൽകിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാർത്ത കണ്ട് എൽ.കെ. അദ്വാനി വിളിച്ചു. ‘യുദ്ധംപോലുമുണ്ടാകാം.’ -മിത്രൻ അറിയിച്ചു. 2001 ഡിസംബർ 13-ന് പാർലമെന്റിന് നേരേ ഭീകരാക്രമണം ഉണ്ടായി.
കെ. കരുണാകരനുമായുള്ള ബന്ധത്തെക്കുറിച്ച് മിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞത് ഇങ്ങനെ
‘1941-ലാണ് ഞാനും അദ്ദേഹവും ആദ്യമായി കാണുന്നത്. എന്റെ ജ്യേഷ്ഠനും കരുണാകരനും പരിചയക്കാരായിരുന്നു. അങ്ങനെ ഇടയ്ക്കിടെ അദ്ദേഹം ഇല്ലത്ത് വരും. ജ്യോതിഷ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ബന്ധപ്പെടുന്നത് 1970-ലാണ്. എം.എൽ.എ.യായിക്കഴിഞ്ഞ് മന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള മുഹൂർത്തം കുറിച്ചുകൊടുത്തു. പിന്നീട് പ്രവചിച്ചതൊക്കെ സംഭവിച്ചതുകൊണ്ടാകാം അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായത്.’ രാജൻ കേസിൽപ്പെട്ട് അധികാരം നഷ്ടമായത്, മരണത്തിന്റെ വക്കിലെത്തിച്ച കാർ അപകടം, സഹധർമിണിയുടെ മരണം, ചാരക്കേസിന്റെ പേരിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് …അങ്ങനെ പല ദോഷസാഹചര്യങ്ങളെപ്പറ്റിയും മുമ്പേ സൂചന നൽകി. 1977-ൽ ഇന്ദിരാഗാന്ധിക്ക് അധികാരത്തിൽനിന്ന് മാറേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞതും കെ. കരുണാകരനോടാണ്.
ഒരു അമേരിക്കൻ നഗരം മുഴുവൻ ഭീകരവാദികൾ അഗ്നിക്കിരയാക്കുമെന്നും മിത്രൻ നമ്പൂതിരിപ്പാട് പ്രവചിച്ചു. മദ്രാസ് താജ് ഹോട്ടലിൽവെച്ച് കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണൻ ഉൾപ്പെടെയുള്ളവരോടാണ് ഇത് പറഞ്ഞത്. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെൻറർ ആക്രമണം നടന്ന ദിവസം ശങ്കരനാരായണൻ വിളിച്ചുപറഞ്ഞു-‘തിരുമേനി പ്രവചിച്ചത് എനിക്ക് നല്ല ഓർമ്മയുണ്ട്.’