പായല്‍ നിറഞ്ഞ് പൂക്കോട് തടാകം; ബോട്ടിങ് പ്രതിസന്ധിയില്‍

Share our post

വൈത്തിരി(വയനാട്): പായല്‍നിറഞ്ഞതോടെ പൂക്കോട് തടാകത്തില്‍ ബോട്ടിങ് പ്രതിസന്ധിയില്‍. നിലവില്‍ തടാകത്തിന്റെ 90 ശതമാനവും പായല്‍നിറഞ്ഞ അവസ്ഥയിലാണുള്ളത്.ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തില്‍ ബോട്ടിങ് മാത്രമാണ് വിനോദത്തിനുള്ളത്. എന്നാല്‍, പായല്‍ മൂടിയതുകാരണം ബോട്ടിങ്ങും ദുഷ്‌കരമാകുകയാണ്. മനുഷ്യാധ്വാനത്താല്‍ മുന്‍പോട്ടുനീങ്ങുന്ന പെഡല്‍ ബോട്ടുകള്‍ പായലില്‍ തടഞ്ഞ് തകരാറിലാകുന്നത് പതിവാണ്. പായല്‍ നീക്കാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥമൂലമാണെന്നാണ് ആക്ഷേപം.

പായല്‍നിറഞ്ഞ തടാകത്തിലൂടെയാണ് ബോട്ടുയാത്ര. ബോട്ടിന്റെ ഷാഫ്റ്റില്‍ പായല്‍ കുടുങ്ങി ബോട്ടുകള്‍ കേടാകുന്നത് പതിവാണ്. തടാകത്തിലെയും തടാകക്കരയിലെയും അസൗകര്യങ്ങളില്‍ സഞ്ചാരികള്‍ ജീവനക്കാരുമായി തര്‍ക്കം പതിവാണ്.ഒരുവര്‍ഷം 10 ലക്ഷത്തോളം സഞ്ചാരികളെത്തുന്ന പൂക്കോട്, വരുമാനത്തിന്റെ മുക്കാല്‍ഭാഗവും ലഭിക്കുന്നത് ബോട്ടിങ്ങിലൂടെയാണ്. ആഴ്ച അവസാനവും അവധിദിവസങ്ങളിലും അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഉള്‍പ്പെടെ ആളുകള്‍ പൂക്കോട് എത്താറുണ്ട്. എന്നാല്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഒരുക്കുന്നതില്‍ ഡി.ടി.പി.സി. വിമുഖത കാണിക്കുകയാണെന്ന് പൂക്കോട് തടാകസംരക്ഷണസമിതി ആരോപിക്കുന്നു. തടാകത്തിന്റെ സംരക്ഷണത്തിനുവേണ്ടി നാട്ടുകാര്‍ചേര്‍ന്ന് രൂപവത്കരിച്ചതാണ് പൂക്കോട് തടാകസംരക്ഷണസമിതി.

പൂക്കോട് തടാകം ഡി.ടി.പി.സി.യില്‍നിന്ന് മാറ്റണമെന്ന് നേരത്തേത്തന്നെ സമിതി ആവശ്യമുയര്‍ത്തിയിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ നേരിട്ടും അല്ലാതെയും ആശ്രയിച്ചുജീവിക്കുന്ന ഈ വിനോദസഞ്ചാരകേന്ദ്രത്തെ നാശത്തിലേക്ക് തള്ളിവിടുന്നതില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് പൂക്കോട് തടാകസംരക്ഷണസമിതി ആവശ്യപ്പെട്ടു.

വരുമാനം കൂടുതല്‍ ബോട്ടിങ്ങിന്

പൂക്കോട് തടാകത്തില്‍ ബോട്ടിങ്ങിനുമാത്രം ഒരുദിവസം ഒരുലക്ഷത്തോളം വരുമാനം ലഭിക്കാറുണ്ട്. തടാകത്തിനുചുറ്റുമുള്ള വനവും മലനിരകളുമാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏഴുസീറ്റുള്ള ബോട്ടിന് അരമണിക്കൂറിന് 700 രൂപ, രണ്ടുസീറ്റിന് 300 രൂപ, നാലുസീറ്റിന് 450 രൂപ എന്നതാണ് നിരക്ക്. നിലവില്‍ പഴയ ബോട്ടുകളാണ് ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്നത്. പുതിയ ബോട്ടുകള്‍ വരുത്തി ബോട്ടിങ് ആകര്‍ഷകമാക്കാനാണ് ഡി.ടി.പി.സി.യുടെ ശ്രമം. 5.71 ഹെക്ടര്‍ വിസ്തൃതിയുള്ള തടാകമാണിത്. തടാകത്തിലെ പായല്‍ നീക്കംചെയ്യുന്നതിന് യന്ത്രം ഉള്‍പ്പെടെ എത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു.

ഏറെ പരിസ്ഥിതിപ്രാധാന്യമുള്ള പൂക്കോട് ജലാശയം കേരളത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ശുദ്ധജലതടാകവും ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടാകവുമാണ്. രണ്ടുകോടിയോളം രൂപ ചെലവാക്കി 2021 ജൂണില്‍ പായലും ചെളിയും തടാകത്തില്‍നിന്ന് പൂര്‍ണമായി നീക്കിയിരുന്നു. 2022 ജനുവരിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

പരിഹാരം കണ്ടെത്തും

നിലവില്‍ ഉദ്യോഗസ്ഥര്‍ പായല്‍ നീക്കുന്നുണ്ട്. എന്നാല്‍, തടാകത്തിലെ പായല്‍ പൂര്‍ണമായി നീക്കുന്നതിനുള്ള പദ്ധതി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയശേഷം ഡി.ടി.പി.സി.യോഗത്തില്‍ ചര്‍ച്ചചെയ്യും. പായല്‍ പൂര്‍ണമായി നീക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.കെ. അജേഷ്, ഡി.ടി.പി.സി. സെക്രട്ടറി, വയനാട്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!