വനഭൂമിക്ക് പകരം ഭൂമി ; ശബരിമല റോപ്‌വേ യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്‌വേ പദ്ധതി യാഥാർഥ്യമാവുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ ശനിയാഴ്‌ച പുറത്തിറക്കി. പദ്ധതിക്ക് ഏറ്റെടുക്കുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1 -ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകി.ഇതിന്റെ തുടർനടപടിക്കായി കൊല്ലം കലക്ടറെ ചുമതലപ്പെടുത്തി. ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബിഒടി വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. 2.7 കിലോമീറ്ററാണ് റോപ്‌വേയുടെ നീളം. നിർമാണം പൂർത്തിയാവുന്നതോടെ 10 മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താം. അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്ന ആംബുലൻസായും സാധനസാമഗ്രികൾ ചെലവ് കുറച്ച് സന്നിധാനത്തെത്തിക്കാനുമാണ് സംവിധാനം പ്രധാനമായും ഉപയോഗിക്കുക.