ഗവ.മെഡിക്കൽ കോളജ്; ഹൃദയ വിഭാഗത്തിൽ രോഗികളുടെ പ്രവേശനം പരിമിതപ്പെടുത്തും

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിന്റെ ഭാഗമായി രോഗികളുടെ പ്രവേശനത്തിൽ നിയന്ത്രണത്തിന് തീരുമാനം.കാർഡിയോളജി വിഭാഗം ഐ.സി.യു, അഗ്നിസുരക്ഷ സംവിധാനമുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഒഴിഞ്ഞുകൊടുക്കേണ്ടതിൽ ഈ വിഭാഗത്തിൽ പ്രവേശം പരിമിതപ്പെടുത്തും. പകരം സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജോലികൾ പൂർത്തീകരിക്കുന്ന ഇടവേളയിൽ രോഗികളുടെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ഥലപരിമിതി നേരിടാനുള്ള സാധ്യതയുണ്ടായേക്കുമെന്ന് അധികൃതർ പറഞ്ഞു.
അത്യാസന്നനിലയിലുള്ള ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്താനായി, അടിയന്തര ചികിത്സ ആവശ്യമില്ലാത്ത രോഗികളുടെ പ്രവേശനം അറ്റകുറ്റപ്പണി അവസാനിക്കുന്നത് വരെയുള്ള കാലയളവിൽ പരിമിതപ്പെടുത്താൻ തീരുമാനിച്ചു. പ്രവൃത്തികൾ 21ന് ആരംഭിച്ച് ഒരുമാസത്തിനകം പൂർത്തീകരിച്ചു ഐ.സി.യുകൾ തിരികെ കൈമാറുമെന്നാണ് പദ്ധതി നിർവഹണ ഏജൻസിയായ വാപ്കോസ് അറിയിച്ചത്.ഈ സാഹചര്യത്തിൽ രോഗികളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് പരമാവധി സഹകരണമുണ്ടാവണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.