ശാന്തസുന്ദരമായി ഒഴുകി കബനിയില്‍ ചേരുന്ന പുഴ, പുഴയരികില്‍ പ്രദേശവാസികള്‍ നട്ടുപിടിച്ച തണല്‍മരങ്ങള്‍, ആഴംകുറഞ്ഞ പുഴയിലെ തടയണ, പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍. പാലാക്കുളിയുടെ ഈ സൗന്ദര്യം അധികമാരും ആസ്വദിക്കാനിടയില്ല. ഇങ്ങനെയൊരു സ്ഥലം മാനന്തവാടി നഗരത്തില്‍നിന്ന് വിളിപ്പാടകലെയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലെന്നതുതന്നെ കാരണം.പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ് വയനാട്. ജീവിതത്തിന്റെ എല്ലാ തിരക്കുകളില്‍നിന്നുമകന്ന് അല്പനേരം സ്വസ്ഥമായി ജീവിക്കാന്‍ മറ്റുജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വയനാടിനെ തേടിയെത്തുന്നതും അതുകൊണ്ടുതന്നെ. വിനോദസഞ്ചാരത്തിന് വളക്കൂറുള്ള വയനാട്ടില്‍ വര്‍ഷങ്ങളായുള്ള സ്ഥിരംകേന്ദ്രങ്ങളാണുള്ളത്. വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താനുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടെങ്കിലും ആരും അതൊന്നും അത്ര കാര്യമാക്കുന്നില്ലെന്നാണ് ആരോപണം. തദ്ദേശസ്ഥാപനങ്ങള്‍ മനസ്സുവെച്ചാല്‍ വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. അത്തരമൊരു പ്രദേശമാണ് പാലാക്കുളി.
മാനന്തവാടി-തലശ്ശേരി റോഡിലെ പാലാക്കുളി കവലയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഏകദേശം ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലാക്കുളിയിലെ ഈ കേന്ദ്രത്തിലെത്തും. മാനന്തവാടി-തലശ്ശേരി റോഡിലെ കുഴിനിലത്തുനിന്ന് പ്രദേശത്തേക്ക് ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. റോഡിന്റെ 250 മീറ്ററോളം ഭാഗം ടാര്‍ചെയ്യാനുണ്ട്. ഇത് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയാല്‍ തലപ്പുഴ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പാലാക്കുളിയെത്താതെ കുഴിനിലംവഴി തടയണയുടെ പരിസരത്തെത്താം.
മുഖച്ഛായ മാറ്റിയത് തടയണ
രണ്ടുവര്‍ഷംമുന്‍പ് പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണയാണ് പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത്. മന്ത്രി ഒ.ആര്‍. കേളുവിന്റെ കാര്യക്ഷമമായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തടയണ യാഥാര്‍ഥ്യമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡ് ടാറിങ്ങിനായി ഇരുപതുലക്ഷം രൂപയും അനുവദിച്ചിരുന്നു.
പാലാക്കുളി പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണ
പുഴയോരംവരെ ടാറിട്ട റോഡുണ്ട്. പുഴയ്ക്ക് അധികം ആഴവുമില്ല. ഒന്നരമീറ്ററോളം മാത്രം താഴ്ചയുള്ള പുഴയില്‍ ചെളി അടിഞ്ഞുകൂടിയിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും മറ്റും ഈ സ്ഥലം ഏറെ പ്രയോജനപ്പെടുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച തടയണ രണ്ടുവര്‍ഷം മുന്‍പാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തത്. പുഴയുടെ അരികുകെട്ടി സംരക്ഷിക്കുന്നതിനായി മന്ത്രി ഇരുപതുലക്ഷം രൂപ അനുവദിക്കുമെന്നുപറഞ്ഞെങ്കിലും അത് ഇതുവരെ ലഭിച്ചില്ല. സംരക്ഷണഭിത്തി കെട്ടി സുരക്ഷയൊരുക്കാത്തപക്ഷം തടയണ തകരാനിടയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പൂപ്പാടമൊരുക്കി പ്രദേശവാസികള്‍
പ്രദേശത്ത് വന്നുപോകുന്നവരുടെ മാനസികോല്ലാസത്തിനായി പൂപ്പാടം നിര്‍മിക്കുന്നത് സമീപത്ത് താമസിക്കുന്നവരുടെ രീതിയാണ്. പുഴയരികിലും റോഡരികിലുമായി ഒട്ടേറെ തണല്‍മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും മറ്റുമാണ് തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം നയനമനോഹരമായ ചെണ്ടുമല്ലിപ്പാടമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചതെങ്കില്‍ ഈവര്‍ഷം സൂര്യകാന്തിപ്പാടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.
വേണം, കുട്ടികളുടെ പാര്‍ക്ക്
മാനന്തവാടി നഗരസഭയിലെ 31-ാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശമാണിത്. പുഴയോരത്തും മറ്റുമായി മുക്കാല്‍ ഏക്കറോളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്. രണ്ട് ലോമാസ്റ്റ് ലൈറ്റുകള്‍ സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചാല്‍ വൈകുന്നേരങ്ങളും അവധിദിവസങ്ങളിലും വ്യായാമത്തിനുപറ്റിയ ഇടമാവും. കുട്ടികള്‍ക്ക് ആസ്വദിക്കാനുള്ള പാര്‍ക്ക് മാനന്തവാടിയില്‍ എവിടെയുമില്ല. ആകെയുള്ളത് മാനന്തവാടിയിലെ പഴശ്ശിപാര്‍ക്കാണെങ്കിലും ഇവിടെയുള്ള ഇരിപ്പിടവും കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളും തുരുമ്പെടുത്തുനശിക്കുകയാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പാലാക്കുളിയില്‍ സജ്ജീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. തടയണ പ്രയോജനപ്പെടുത്തി ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും തടസ്സമില്ല. മതിയായ ഇരിപ്പിടങ്ങളും മറ്റും ഒരുക്കി പ്രദേശത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യമാണുയരുന്നത്.
പരിഹരിക്കണം സമൂഹവിരുദ്ധശല്യം
വിനോദസഞ്ചാരകേന്ദ്രമാക്കാനായി നാട്ടുകാര്‍ ആത്മാര്‍ഥമായി ഇടപെടുമ്പോഴും ഇവിടെയുള്ള സമൂഹവിരുദ്ധരുടെ ശല്യം തലവേദനയാവുന്നുണ്ട്. ഭക്ഷണവുമായി വാഹനങ്ങളിലെത്തി അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളയുന്നവരുണ്ട്.
മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ച് പുഴയിലേക്കെറിഞ്ഞ് ശല്യം സൃഷ്ടിക്കുന്നവരുമുണ്ട്. അവധിനേരങ്ങളിലും രാത്രിയും മറ്റും പോലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് വേണമെന്നാണ് ആവശ്യം.