ബെംഗളുരുവിൽ യുവതിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

Share our post

കൂത്തുപറമ്പ്: ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്.സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപുർ പോലീസ് കേസെടുത്തു.

വർഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകൻ ശിവാങ്ങും ഇവർക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലർച്ചെ അമിതമായ ഛർദീയെ തുടർന്ന് സ്നേഹയെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടർന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്നേഹയുടെ ബന്ധുക്കളെ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ, മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ സർജാപുർ പോലീസിൽ പരാതി നൽകുകയായിരുന്നു.സ്നേഹയും ഹരിയും തമ്മിൽ ഇടയ്ക്കിടെ വാക്‌തർക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭർത്താവുമായുണ്ടായ വഴക്ക് സംബന്ധിച്ച് സ്നേഹ മരണത്തിന് തലേ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും പറയുന്നു.

വിമുക്തഭടൻ രാജൻ ആലക്കാട്ടിന്റെയും സുലോചനയുടേയും മകളാണ് സ്നേഹ. മഡിവാള മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തിച്ച സ്നേഹയുടെ മൃതദേഹം രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് സ്നേഹയുടെ ബന്ധുക്കൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!