കൊടിക്കുത്തിമലയില്‍ സഞ്ചാരികളെ കാത്ത് തണുപ്പുംകോടയും

പെരിന്തല്‍മണ്ണ: മണ്‍സൂണ്‍ കഴിഞ്ഞാല്‍ കൊടികുത്തി മലയിലെ പ്രധാന ടൂറിസ്റ്റ് സീസണ്‍ കോടപുതഞ്ഞ് കിടക്കുന്ന ഈ നവംബര്‍ – ഡിസംബര്‍ കാലമാണ്. ഋതുക്കള്‍ക്കൊപ്പം കൊടികുത്തി മലയും തണുപ്പിനെ പുണര്‍ന്നുതുടങ്ങുമ്പോള്‍ സഞ്ചാരികളും ഇവിടേക്ക് ഒഴുകിയെത്തും. രാവിലെ എട്ടിന് സന്ദര്‍ശന സമയം തുടങ്ങുമ്പോള്‍ത്തന്നെ എത്തുന്നവരെ കാത്ത് തണുപ്പും കോടയും കാത്തിരിപ്പുണ്ട് ഈ പുല്‍മേട്ടില്‍. വൈകീട്ടാണെങ്കില്‍ അസ്തമയ സൂര്യനും അനന്തമായ ദൂരക്കാഴ്ചകളും.
പെരിന്തല്‍മണ്ണയില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള കൊടികുത്തിമല നഗര പരിധിയില്‍ വരുന്ന അപൂര്‍വം ഹില്‍സ്റ്റേഷനുകളിലൊന്നാണ്. രണ്ടു വര്‍ഷം കൊണ്ട് രണ്ടര ലക്ഷത്തിലേറെ സഞ്ചാരികളെത്തുകയും മൂന്നു വര്‍ഷം കൊണ്ട് ടിക്കറ്റ് വില്‍പ്പനയിലൂടെ ഒരു കോടിയിലേറെ വരുമാനം കണ്ടെത്തുകയുംചെയ്തു എന്നത് കൊടികുത്തി മലയുടെ ജനപ്രീതി വ്യക്തമാക്കുന്നു.
പെരിന്തല്‍മണ്ണയില്‍നിന്ന് പാലക്കാട് റോഡില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അമ്മിനിക്കാട് ടൗണില്‍ എത്താം. അമ്മിനിക്കാടു നിന്ന് ഇടത്തോട്ട് വീണ്ടും അഞ്ചു കിലോമീറ്റര്‍ യാത്രചെയ്താല്‍ താഴേക്കോട് പഞ്ചായത്തിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം. പ്രവേശന കവാടത്തിനോടു ചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ കാല്‍നടയായ് വേണം മുകളിലെത്താന്‍. ശുദ്ധവായു ശ്വസിച്ച് പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഈ നടത്തം നല്ലൊരു വ്യായാമം കൂടിയാണ്. ഓരോ ചുവടിലും എത്ര കലോറി ഉപയോഗിക്കപ്പെട്ടു എന്ന് കാണിക്കുന്ന ബോര്‍ഡും വഴി നീളെ കാണാം എന്നത് കൊടികുത്തിമല യാത്രയിലെ കൗതുകങ്ങളിലൊന്നാണ്. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും മരത്തണലും ആവോളം ഉള്ളതിനാല്‍ സമയമെടുത്ത് പതുക്കെ മല കയറിയാല്‍ മതിയാവും.
മുകളിലെത്തിയാല്‍ മലനിരകളും പുഴയും ജനവാസ കേന്ദ്രങ്ങളും കടലുമെല്ലാം കാഴ്ചയില്‍ തെളിയുന്ന സുന്ദര നിമിഷമാണ്. 360 ഡിഗ്രി കാഴ്ച പ്രദാനം ചെയ്യുന്ന വാച്ച് ടവര്‍ തന്നെയാണ് മലമുകളിലെ പ്രധാന ആകര്‍ഷണം. വനം വകുപ്പും നാട്ടുകാരും ചേര്‍ന്നുള്ള വന സംരക്ഷണസമിതിയാണ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഇവിടെ അവധി ദിവസങ്ങളില്‍ 500-700 വരെ സഞ്ചാരികളെത്തുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം മികച്ച രീതിയില്‍ നടപ്പാക്കപ്പെടുന്ന ഒരു കേന്ദ്രം കൂടിയാണിത്. കോടമഞ്ഞ് വെഞ്ചാമര വര്‍ണം വിതറുന്ന ഈ തണുപ്പുകാല സീസണില്‍ മല കയറി വരാന്‍ പോവുന്ന സഞ്ചാരികള്‍ക്കുള്ള കാത്തിരിപ്പിലാണ് കൊടികുത്തി മല.