741 കിലോമീറ്റര്‍ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചു; കൊങ്കണിൽ വേഗം കൂടി; കേരളത്തിൽ വളവുകൾ തടസ്സം

Share our post

കണ്ണൂർ: കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയിൽ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികൾ 120 കി.മീ. വേഗത്തിൽ ഓടും. കേരളത്തിൽ റെയിൽപ്പാളത്തിലെ വളവാണ് തടസ്സം. പാളങ്ങൾ ബലപ്പെടുത്തി, വളവുകൾ നിവർത്തുന്ന പ്രവൃത്തി ഇവിടെ ഇഴയുകയാണ്. മംഗളൂരു-ഷൊർണൂർ സെക്ഷനിൽ 110 കി.മീ. വേഗമുണ്ട്. ഷൊർണൂർ-എറണാകുളം സെക്ഷനിലെത്തുമ്പോൾ വന്ദേഭാരതിനടക്കം 80 കി.മീ. വേഗതയേ ഉള്ളൂ. എറണാകുളം-കായംകുളം-തിരുവനന്തപുരം റൂട്ടിൽ 110-ൽ ഓടിക്കാം. എന്നാൽ എറണാകുളം-കോട്ടയം-തിരുവനന്തപുരം റൂട്ടിൽ 80-90 കിലോമീറ്ററേ പറ്റൂ.

ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്ററിൽ വേഗം 110 കി.മിറ്ററിൽനിന്ന് 130 കി.മീ. ആക്കി ഉയർത്തുന്ന പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. 288 വളവുകളാണ് നിവർത്തേണ്ടത്. ടെൻഡർ 2023 ജൂലായിലാണ് വിളിച്ചത്. എന്നാൽ പണി ഒന്നുമായില്ല. 12 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനായിരുന്നു നിർദേശം. കൊടും വളവുകളുടെ വൃത്തദൈർഘ്യം വർധിപ്പിച്ചും സ്ഥലമേറ്റെടുക്കാതെയുമാണ് പ്രവൃത്തി നടത്തുന്നത്.

തിരുവനന്തപുരം-ഷൊർണൂർ പാതയിൽ 76 ചെറിയ വളവുകളാണ് നിവർത്തുന്നത്. 2023 ഒക്ടോബറിൽ ടെൻഡർ വിളിച്ചു. തിരുവനന്തപുരം-കായംകുളം (22), എറണാകുളം-ആലപ്പുഴ-കായംകുളം (10), എറണാകുളം-കോട്ടയം-കായംകുളം (22) ഷൊർണൂർ-എറണാകുളം (22) സെഷനുകളിലായി 40 സെന്റീമീറ്റർ മുതൽ ഒരുമീറ്റർ വരെ നീളത്തിലുള്ള വളവുകളാണ് നിവർത്തേണ്ടത്. തീവണ്ടികളുടെ ഓട്ടം ക്രമീകരിച്ചുള്ള ‘സമയ ഇടനാഴി’ (കോറിഡോർ ബ്ലോക്ക്്) യിലാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്. എന്നാൽ പല സെക്ഷനിലും ഇതിന്‌ സമയം കുറവാണ്.

കൊങ്കണിൽ കുതിക്കും

നേത്രാവതി, മംഗള എക്സ്‌പ്രസുകൾ ഉൾപ്പെടെ എൽ.എച്ച്.ബി. കോച്ചുകളിൽ ഓടുന്ന 45 വണ്ടികളുടെ വേഗമാണ് കൊങ്കൺപാതയിൽ വർധിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലൂടെ ഓടുന്ന വണ്ടികളാണ്. പരമ്പരാഗത കോച്ചുകൾക്ക് വേഗം 110-ൽ കൂട്ടാനാകില്ല. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. നവംബർ ഒന്നുമുതൽ ജൂൺ 10 വരെ 100-110 കിലോമീറ്ററിലോടും. ഇതാണ് വർധിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!