തുലാവര്‍ഷം ദുര്‍ബലം, മഴ കുറഞ്ഞു; കൊടുംചൂടിലേക്ക് നീങ്ങുന്ന കേരളം

തുലാവര്‍ഷം തുടങ്ങി നാലാഴ്ചയാകുമ്പോള്‍ കേരളം ഓരോദിവസവും കൊടുംചൂടിലേക്ക് നീങ്ങുന്നു. കടുത്ത വേനല്‍ക്കാലത്തേതുപോലുള്ള ചൂടാണ് പലയിടങ്ങളിലും. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ ജില്ലകളിലും കുറഞ്ഞ ചൂട് 30 ഡിഗ്രി സെല്‍ഷ്യസിലധികമായിരുന്നു. കണ്ണൂരും കാസര്‍കോട്ടും 37 ഡിഗ്രിയിലധികമായി.പലയിടങ്ങളിലും ഒന്നോ രണ്ടോ ദിവസം ശക്തമായ മഴ പെയ്തതല്ലാതെ സംസ്ഥാനത്ത് പൊതുവില്‍ തുടര്‍ച്ചയായി മഴ കിട്ടിയില്ല. ഒറ്റപ്പെട്ട അതിശക്തമായ മഴമൂലം ആകെ മഴയുടെ അളവില്‍ വലിയ കുറവില്ലെങ്കിലും ക്രമമായി പരക്കെ കിട്ടുന്ന മഴയുണ്ടെങ്കിലേ പ്രയോജനമുണ്ടാകൂ. വ്യാഴാഴ്ചയോടെ കേരളത്തില്‍ പരക്കെ ചെറിയ തോതിലെങ്കിലും മഴ തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.തുലാവര്‍ഷ മഴ പെയ്യിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ ഇടയ്ക്കിടെ അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴികള്‍ മണ്‍സൂണ്‍ കാറ്റിനെ ബാധിച്ചതാണ് മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.