പോലീസിലെ ഉന്നത ഉദ്യോ​ഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

Share our post

കൊച്ചി: മലപ്പുറം മുൻ എസ്.പി, ഡിവൈ.എസ്.പി അടക്കമുള്ള പോലീസ് ഉദ്യോ​ഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാനുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നേരത്തെ സിംഗിൾ ബെഞ്ച് നിർദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.എസ്.പി സുജിത് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദേശം. എന്നാൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് കേസ് റദ്ദാക്കാനുള്ള ഉത്തരവ്.

മലപ്പുറം മുന്‍ പോലീസ് മേധാവി സുജിത്ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി. വി.വി ബെന്നി, പൊന്നാനി ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലായിരുന്നു പൊന്നാനി സ്വദേശിയായ സ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി.വീട്ടമ്മയുടെ പരാതി അടിസ്ഥാന ര​ഹിതമാണെന്നത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് നേരത്തെ ഹൈക്കോടതിയിൽ നൽകിയിരുന്നു. പീഡനം നടന്ന സ്ഥലം, സമയമടക്കമുള്ള കാര്യങ്ങളിൽ വീട്ടമ്മ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഹൈക്കോടതി സിം​ഗിൾ ‍ബെഞ്ച് നിർ‌ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരേ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡിവൈ.എസ്.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരേ പരാതി നല്‍കാന്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. സുജിത്ദാസിനെതിരേ രംഗത്തുവരാന്‍ ധൈര്യംപകര്‍ന്നത് പി.വി. അന്‍വര്‍ എം.എല്‍.എ.യാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!