തീവണ്ടിയിടിച്ച് മരിച്ചത് 176 പേര്‍; സെപ്റ്റംബർ വരെയുള്ള കണക്ക് പുറത്ത്

Share our post

ഒറ്റപ്പാലം: റെയില്‍വേയുടെ കണക്കുപ്രകാരം ഈ വര്‍ഷം സെപ്റ്റംബര്‍വരെ 176 പേരാണ് പാലക്കാട് ഡിവിഷന്‍ പരിധിയില്‍ തീവണ്ടിതട്ടി മരിച്ചത്. തീവണ്ടിയിടിച്ച് 232 അപകടങ്ങളാണ് ഈ കാലയളവിലുണ്ടായത്. 2023-ല്‍ ആകെ 224 മരണങ്ങളാണുണ്ടായത്.പാളം മുറിച്ചുകടന്നപ്പോഴോ പാളത്തിന് സമീപത്തുകൂടി നടന്നപ്പോഴോ 176 പേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. 21 പേര്‍ സാരമായ പരിക്കോടെ രക്ഷപ്പെട്ടു. 43 പേര്‍ തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യചെയ്തതായും റെയില്‍വേയുടെ കണക്കിലുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നുപേര്‍ക്ക് പരിക്കേറ്റു.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നിരന്തര അപകടമേഖലകളില്‍ ഒരു മണിക്കൂറെങ്കിലും പരിശോധനകള്‍ നടത്താറുണ്ട്. പാളത്തിന് സമീപത്തുകൂടി നടക്കുന്നവരെ വിലക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, റെയില്‍പ്പാളങ്ങളില്‍ ഇരിക്കുക, റെയില്‍പ്പാലങ്ങളിലെ കൈവരികളിലിരിക്കുക, തീവണ്ടി വരുന്നതുകണ്ടിട്ടും പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുക എന്നീ പ്രവണതകള്‍ പലപ്പോഴും അപകടത്തില്‍ ചെന്നെത്തിക്കുന്നെന്ന് ആര്‍.പി.എഫ്. അധികൃതര്‍ പറയുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തും അല്ലാത്തിടത്തും പാളം മുറിച്ചുകടന്നാല്‍ ആറുമാസംവരെ തടവും 1,000 രൂപവരെ പിഴയും ഇത് രണ്ടുംകൂടിയും ലഭിക്കാവുന്ന കുറ്റമാണ്.

അപകടം കുറയ്ക്കാന്‍ വഴി അടച്ചുകെട്ടുന്നു

സ്ഥിരം യാത്രക്കാരുടെ സഞ്ചാരമുള്ളതും അപകടസാധ്യതയുള്ളതുമായ പാളത്തിന് കുറുകെയുള്ള വഴികള്‍ റെയില്‍വേ അടയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പാലക്കാട് ഡിവിഷനില്‍ ഇങ്ങനെ 294 സ്ഥലങ്ങളുണ്ടെന്നാണ് റെയില്‍വേ കണ്ടെത്തിയിട്ടുള്ളത്. വഴിയടച്ചാല്‍ പലയിടത്തും അപ്പുറത്തെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റണമെന്നതിനാല്‍ ഇതിന് പ്രാദേശിക എതിര്‍പ്പുകളുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!