നടിമാര്‍ക്കൊപ്പം സമയം ചിലവഴിക്കാമെന്ന് പ്രലോഭനം; പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയില്‍

Share our post

കാക്കനാട്: സിനിമാ നടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം എളമക്കര പ്ലേഗ്രൗണ്ട് റോഡില്‍ ഇ.എന്‍.ആര്‍.എ. 177-ല്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹന്‍ (37) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. പ്രവാസികളായ മലയാളികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.

രണ്ട് യുവ നടിമാരുടെ ചിത്രങ്ങളും പേരുകളും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണിയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. നടികള്‍ വിദേശ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആവശ്യക്കാര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കും. ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രതി ഈ ഗ്രൂപ്പുകളിലും പരസ്യം നല്‍കിയിരുന്നു.

പരസ്യം വിശ്വസിച്ച് ഒട്ടേറെപ്പേര്‍ 20,000 രൂപ മുതല്‍ 30,000 രൂപ വരെ പ്രതിക്ക് മുന്‍കൂറായി നല്‍കിയിരുന്നു. പിന്നീടിത് കബളിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും തട്ടിപ്പിന് ഇരയായവര്‍ നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ല. തങ്ങളുടെ പേരുപയോഗിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവ നടിമാര്‍ പരാതിപ്പെട്ടതോടെ ഇടപാടുകാരെന്ന വ്യാജേന സൈബര്‍ പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!