ഭിന്നശേഷിക്കാരനായ മകനെ കൊല്ലാൻ ശ്രമിച്ച ശേഷം അച്ഛൻ ജീവനൊടുക്കി

മണ്ണഞ്ചേരി (ആലപ്പുഴ): ജന്മനാ കിടപ്പിലായ ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ആരാമം ജങ്ഷനു സമീപം തെക്കേപ്പറമ്പിൽ സുരേഷ് (53) ആണ് മരിച്ചത്. മകൻ വിഷ്ണു(30)വിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. രക്ഷപ്പെട്ട മകൻ ചികിത്സയിലാണ്.ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. കോമളപുരം കേരള സ്പിന്നേഴ്സിലെ ജീവനക്കാരനാണ് സുരേഷ്. ഭാര്യയും രണ്ടു മക്കളും ഭാര്യാമാതാവുമാണ് വീട്ടിലുള്ളത്. പനി പിടിച്ച് എല്ലാവരും ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
സുരേഷ് ഒരാഴ്ചയായി ജോലിക്കു പോയിരുന്നില്ല. മകൾ അഞ്ജലി രാവിലെ ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിക്കും ഭാര്യ ലതാദേവി, അമ്മ അമ്മിണിയമ്മയുമായി ആശുപത്രിയിലേക്കും പോയിരുന്നു. ഉച്ചയോടെ ഇരുവരും തിരിച്ചെത്തിയപ്പോഴാണ് അടുക്കളയ്ക്കു സമീപത്തെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ വിഷ്ണുവിനെ കണ്ടത്. ലതയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുരുക്കുമുറിച്ച് വിഷ്ണുവിനെ കസേരയിലിരുത്തി മുഖത്തു വെള്ളം തളിച്ചപ്പോൾ കണ്ണു തുറന്നു.
തൊട്ടടുത്ത മുറിയിലാണ് സുരേഷിനെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷ് മരിച്ചിരുന്നു. വിഷ്ണുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിന്റെ സംസ്കാരം ഞായറാഴ്ച നടക്കും.
ജന്മനാ കിടപ്പിലായ മകൻ വിഷ്ണുവിനെ ഓർത്ത് സുരേഷ് എന്നും സങ്കടപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. സുരേഷ് പുറത്തുപോകുന്ന സമയത്ത് വിഷ്ണുവിനെ പരിചരിക്കാൻ ഭാര്യ ലതാദേവി ഏറെ പണിപ്പെടണം. ഇത് സുരേഷിനെ വിഷമിപ്പിച്ചിരുന്നതായി നാട്ടുകാരും പറഞ്ഞു. ഇതാവാം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.
സ്വന്തമായി ഒരു വീടില്ലാത്തതും സുരേഷിനെ വിഷമിപ്പിച്ചിരുന്നു. സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫിൽ പലതവണ അപേക്ഷിച്ചിട്ടും സുരേഷിന് വീട് അനുവദിച്ചിരുന്നില്ല. കാലപ്പഴക്കത്തിൽ തകർന്ന വീട്ടിലാണ് സുരേഷും കുടുംബവും താമസിച്ചിരുന്നത്. രോഗിയായ മകന്റെ ചികിത്സയ്ക്കു വേണ്ടിയും വലിയ തുക മാസംതോറും സുരേഷിനു കണ്ടെത്തണം.
കേരള സ്പിന്നേഴ്സിൽ ജോലി ഉള്ളതാണ് ലൈഫ് ഭവന പദ്ധതിയിൽ സുരേഷിന് വീടുലഭിക്കാൻ തടസ്സമായത്. എന്നാൽ എം.എൽ.എ.യുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതിയിലൂടെ സുരേഷിന് വീടുനൽകാൻ നീക്കങ്ങൾ നടത്തിവരുകയായിരുന്നുവെന്ന് പഞ്ചായത്തംഗം കെ.പി. ഉല്ലാസ് പറഞ്ഞു.