മട്ടന്നൂരിൽ സിനിമാ തിയേറ്ററിന്റെ മേൽക്കൂര തകർന്ന് നാലു പേർക്ക് പരിക്ക്

അപകടം വാട്ടർടാങ്ക് തകർന്നത് മൂലം
മട്ടന്നൂർ: മട്ടന്നൂരിൽ സിനിമാ തിയേറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് സിനിമ കാണുകയായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം.പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജിൽ(30), സുനിത്ത് നാരായണൻ (36),കൂത്തുപറമ്പ് സ്വദേശി ശരത്ത് (29) സുബിഷ(25), എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.തിയേറ്ററിലെ പ്രധാന ഹാളിന് മുകൾഭാഗത്തുള്ള വാട്ടർടാങ്ക് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടിരിക്കുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. ദേഹത്ത് സ്ലാബ് വീണാണ് വിജിലിന് തലയ്ക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റത്.