അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമാക്കുന്നതിന് പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. കരുണാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റവന്യൂഭൂമി പാട്ടത്തിനെടുത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഡി.ടി.പി.സി.യുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന രാമക്കല്‍മേട്ടില്‍ പഞ്ചായത്തിന് നിലവില്‍ ഭൂമിയില്ല. ഈ സാഹചര്യത്തിലാണ് റവന്യൂഭൂമി പാട്ടത്തിനെടുത്തത്.
രാമക്കല്‍മേട്ടിലെ കുറവന്‍-കുറത്തി ശില്പത്തിലേക്ക് പോകുന്ന പ്രവേശനപാതയിലെ അരയേക്കര്‍ സ്ഥലത്താണ് ആധുനിക സംവിധാനത്തോടുകൂടി കുട്ടികള്‍ക്കുള്ള കളിസ്ഥലം, പൂന്തോട്ടം, ശൗചാലയം, വിശ്രമകേന്ദ്രം, ടിക്കറ്റ് കൗണ്ടര്‍ എന്നിവ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പഞ്ചായത്തിന്റെ നീക്കം. പഞ്ചായത്തിന് വരുമാന മാര്‍ഗത്തിനൊപ്പം രാമക്കല്‍മേടിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.
നിര്‍ദേശവുമായി പഞ്ചായത്ത്
രാമക്കല്‍മേട്ടിലെ രാമക്കല്ലില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ പ്ലാസ്റ്റിക് മാലിന്യം തമിഴ്‌നാട് വനത്തിനുള്ളില്‍ ഉപേക്ഷിക്കുന്നത് ഏറെ വിവാദമായിരുന്നു. വനത്തില്‍ പ്ലാസ്റ്റിക് മാലിന്യം കൂടിയതോടുകൂടി തമിഴ്‌നാട് വനംവകുപ്പ് കേരളത്തിലൂടെയുള്ള സഞ്ചാരികളുടെ രാമക്കല്ലിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. ഇത് പിന്നീട് രണ്ടുസംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് കാരണമായി. ഇതിന് പരിഹാരവുമായാണ് കരുണാപുരം ഗ്രാമപ്പഞ്ചായത്ത് പുതിയ മാര്‍ഗനിര്‍ദേശവുമായി വന്നത്. മാലിന്യം നിക്ഷേപിക്കുന്നതിന് കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക, രാമക്കല്ലില്‍ വേസ്റ്റ് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഹരിതകര്‍മസേനാംഗങ്ങളെ ചുമതലപ്പെടുത്തുക, മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പിഴയീടാക്കുക, ഇതുവഴി മാലിന്യപ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.