നീല കാർബൺ സംരക്ഷണത്തിനുവേണം കണ്ടൽക്കവചം, പദ്ധതി നടത്തിപ്പിന് കാർബൺ ഫണ്ട്

ആലപ്പുഴ: കുട്ടനാടും വേമ്പനാട്ടു കായലും ഉൾപ്പെടെയുള്ള തണ്ണീർത്തടമേഖലയെ നീല കാർബണിന്റെ ഖനിയാക്കുന്നത് വൻതോതിലെ എക്കൽ നിക്ഷേപം. ദശലക്ഷക്കണക്കിനു ടൺ എക്കലാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്. വേമ്പനാട്ടു കായലിൽ മാത്രം പ്രതിവർഷം മൂന്നുലക്ഷം ടൺ എക്കൽ അടിയുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽ ഒന്നു മുതൽ 26 വരെ ടൺ എക്കലാണ് വർഷം ഒരോ ഹെക്ടറിലും വന്നടിയുന്നത്.
ഈ കാർബൺ നിക്ഷേപത്തെ പണമാക്കിമാറ്റാൻ കണ്ടൽക്കവചം ഉൾപ്പെടെയുള്ള പദ്ധതികളുണ്ടെന്ന് അന്തർദേശീയ കായൽക്കൃഷി ഗവേഷണ-പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു. ഇതിനുള്ള 100 കോടിയുടെ രൂപരേഖയാണ് കൃഷിവകുപ്പ് മുഖേന കേന്ദ്ര സർക്കാരിനു സമർപ്പിച്ചത്. കാർബൺ സംഭരണശേഷി ഏറെയുള്ളവയാണ് കണ്ടലുകൾ.
ഇവിടത്തെ എക്കലിന്റെ കാർബൺ മൂല്യം അളവറ്റതാണ്. പ്രദേശത്തെ കാർബണിന്റെ അളവ് ശാസ്ത്രീയമായി കണക്കാക്കണം. ഈ കാർബൺ സംരക്ഷണ പദ്ധതിയിലേക്ക് കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന വ്യവസായങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നിധി (സി.എസ്.ആർ. ഫണ്ട്) ഉപയോഗിക്കാനാകും. ഓരോ വ്യവസായശാലയും എത്ര യൂണിറ്റ് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്നതു നിർണയിക്കണം.അവയുടെ സാമൂഹിക പ്രതിബദ്ധതാ നിധിയെ കാർബൺ ഫണ്ടാക്കി മാറ്റാനാകും. ഇതിനായി കാർബൺ ബജറ്റിങ് ആവശ്യമാണെന്നും ഡോ. പദ്മകുമാർ പറഞ്ഞു.
പദ്ധതി ഇങ്ങനെ
കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ ഏക്കലിനെ കട്ടകളാക്കി(കാര്‍ബണ്‍ ബ്ലോക്ക്) മാറ്റണം. എക്കല്‍ ഡ്രഡ്ജ് ചെയ്യുകയല്ല കുത്തിയെടുക്കകുകയാണ് വേണ്ടത്. പ്രത്യേക യന്ത്രങ്ങള്‍ ഉപയോഗിച്ചുവേണം ഇത് ചെയ്യാന്‍. കായലിന്റെ ഇരുകരകളിലും ഈ എക്കല്‍ കട്ടകളുപയോഗിച്ച് മൂന്ന് മീറ്റര്‍ വീതിയില്‍ തിട്ടകളൊരുക്കി കണ്ടല്‍ചെടി നടണം.
വേമ്പനാട്ടുകായലില്‍ പുന്നമടമുതല്‍ അരുക്കുറ്റി വരെയും കുപ്പപ്പുറം മുതല്ഡ പൂത്തോട്ട വരെയും കായല്‍ പാടശേഖരങ്ങളുടെ പുറം ബണ്ടുകളിലും കണ്ടല്‍വനമൊരുക്കും. 10 വര്‍ഷം കൊണ്ട് കണ്ടല്‍ ഇടതിങ്ങി വളരും. ഇവയ്ക്ക് നീല കാര്‍ബണ്‍ സംരക്ഷണത്തില്‍ മുഖ്യ പങ്കുവഹിക്കാനാകും
പ്രയോജനം
കാലവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാം
പ്രദേശത്തിനു ജൈവകവചമൊരുക്കാം
കടല്‍നിരപ്പുയരുന്നതു മൂലമുള്ള പ്രയാസം ഒഴിവാക്കാം
മത്സ്യോത്പാദനം കൂട്ടാം
കൂടുന്ന പച്ചപ്പ് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കും
കണ്ടല്‍ നടലും സംരക്ഷണവും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്താം