300 വര്‍ഷം പഴക്കമുള്ള താളിയോലകള്‍! കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുര കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍തേഞ്ഞിപ്പലം: തിപ്പലിയും കുരുമുളകും ഏലവുമടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കിഴിയുപയോഗിച്ച് മരപ്പെട്ടികളിലും മച്ചിലുമൊക്കെയായി സൂക്ഷിച്ചിരുന്ന കുടപ്പനയോലയിലെഴുതിയ പഴമയുടെ വിജ്ഞാനങ്ങളെ ശേഖരിച്ച് സംരക്ഷിച്ചിരിക്കുകയാണ് കാലിക്കറ്റിലെ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയില്‍. കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുരയാണിത്.
1972 മുതലാണ് താളിയോല ശേഖരണം ആരംഭിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, വീടുകള്‍ തുടങ്ങിയവിടങ്ങളില്‍നിന്ന് സര്‍വകലാശാലയിലെ മലയാളം അധ്യാപകരാണ് ഇവ ശേഖരിച്ചത്. അന്നുമുതല്‍ ശേഖരിച്ച 8,500-ഓളം താളിയോലകള്‍, ഒന്‍പത് മുളകരണങ്ങള്‍, രണ്ട് ചെപ്പേടുകള്‍ എന്നിവ ഇവിടെ സംരക്ഷിക്കുന്നു. നിലവില്‍ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.പി. മഞ്ജുവാണ് ഡയറക്ടര്‍. എപ്പിഗ്രഫി ആന്‍ഡ് മാനുസ്‌ക്രിപ്‌റ്റോളജി പി.ജി. കോഴ്‌സ് ഈ വര്‍ഷം മുതല്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
അമൂല്യ ഗ്രന്ഥങ്ങള്‍
പാട്ടുകള്‍, മണിപ്രവാളം, വ്യാഖ്യാനഗ്രന്ഥങ്ങള്‍, കളരി, ഗണിതം, ജ്യോതിഷം, തച്ചുശാസ്ത്രം, ദേശചരിത്രം, താന്ത്രികം, വൈദ്യം, വ്യാകരണം, നിഘണ്ടു തുടങ്ങി 28 വിഭാഗം ഉള്ളടക്കങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്.
മലയാളം, ഗ്രന്ഥവരി, തമിഴ്, വട്ടെഴുത്ത്, കോലെഴുത്ത്, കന്നട, തെലുങ്ക് എന്നീ ലിപികളിലും മലയാളം, സംസ്‌കൃതം, തമിഴ്, കന്നട, തെലുങ്ക്, പാലി എന്നീ ഭാഷകളിലുമുള്ള ഗ്രന്ഥശേഖരങ്ങളാണിവ. അധ്യാത്മരാമായണത്തിന്റെ അഞ്ചൂറിലധികം പകര്‍പ്പുകള്‍ ഇവിടെയുണ്ട്. ആയുര്‍വേദത്തിലുള്ള ഗ്രന്ഥങ്ങളാണ് കൂടുതലുള്ളത്.
മലയാളസാഹിത്യം, മലയാള വൈജ്ഞാനിക സാഹിത്യം എന്നീ രണ്ട് വോള്യങ്ങളിലായി രണ്ടായിരത്തോളം താളിയോലകളുടെ വിവരണ കാറ്റലോഗുകളും ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദത്തിലെ അഞ്ചൂറോളം ഗ്രന്ഥങ്ങള്‍ നിലവില്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള ‘ഭാരതം- ഹരിവംശം’ ഗ്രന്ഥമാണ് ഇവിടത്തെ ഏറ്റവും നീളംകൂടിയത്. ഏറ്റവും ചെറിയ ഗ്രന്ഥമായ മന്ത്രങ്ങളുടെ താളിയോലയ്ക്ക് അഞ്ച് സെന്റീ മീറ്റര്‍ നീളവും രണ്ടര സെന്റീമീറ്റര്‍ വീതിയുമേയുള്ളൂ. ഇവിടുത്തെ ശേഖരത്തില്‍വെച്ച് ഏറ്റവും പഴക്കമുള്ളത് എ.ഡി. 1719-ല്‍ പകര്‍ത്തിയെഴുതിയ തന്ത്രസമുച്ചയത്തിനാണ്. കണ്ണൂരില്‍നിന്നു കണ്ടെടുത്ത ‘തിരുനിഴല്‍മാല’യുടെ പകര്‍പ്പും ഇവിടെയുണ്ട്. മാന്‍കൊമ്പ് തേച്ചുമിനുക്കിയുണ്ടാക്കിയ പടികൊണ്ട് കെട്ടിയഗ്രന്ഥവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
സംരക്ഷണം
വെള്ളിമീനുകള്‍ അഥവാ പുസ്തകപ്പൂച്ചികളാണ് പ്രധാന ശത്രു. ഇത്തരം പ്രാണികളില്‍നിന്ന് രണ്ടുതരത്തിലാണ് താളിയോലകള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോളും പുല്‍തൈലവും മൂന്നിനൊന്ന് എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഓലകളില്‍ തേച്ച് ഉണക്കി സൂക്ഷിക്കലാണ് പ്രധാനമായും ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യും. മറ്റൊന്ന് ശീതികരിച്ച മുറിയില്‍ സൂക്ഷിക്കലാണ്. ഇതിനായി എ.സി.യും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.