വയനാട് ദുരിതബാധിതര്‍ക്ക് വിതരണംചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴു, കീറിയ വസ്ത്രം; മേപ്പാടിയിൽ പ്രതിഷേധം

Share our post

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വിതരണംചെയ്ത കിറ്റില്‍ പുഴുവരിച്ച അരിയും കീറിയ വസ്ത്രവും ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണംചെയ്ത ഒരുകൂട്ടം കിറ്റിലാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ടത്. ഇതോടെ ദുരന്തബാധിതര്‍ പരാതിയുമായി എത്തുകയായിരുന്നു.

അരി, മൈദ, വസ്ത്രങ്ങള്‍ എന്നിവയെല്ലാമാണ് കിറ്റിലുണ്ടായിരുന്നത്. പുഴുവരിച്ച് കട്ടപിടിച്ച നിലയിലായിരുന്നു അരി. പൂപ്പല്‍പിടിച്ച് പഴകി മണക്കുന്നതായിരുന്നു വസ്ത്രങ്ങള്‍. ഓണത്തിന് മുമ്പ് എത്തിയ കിറ്റാണിതെന്നും പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്യാന്‍ വൈകിയതാണ് പ്രശ്‌നകാരണമെന്നും മേപ്പാടി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കമുള്ളവര്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. പ്രസിഡന്റിന്റെ മുറിയിലേക്ക് ഇരച്ചുകയറിയതോടെ പോലീസുമായി ഉന്തും തള്ളുമായി.

ഇതിനിടെ പരസ്പരം പഴിചാരി കല്‍പറ്റ എം.എല്‍.എ ടി.സിദ്ദിഖും ഭക്ഷ്യ മന്തി ജി.ആര്‍ അനില്‍കുമാറും രംഗത്തുവന്നു. റവന്യൂ വകുപ്പാണ് ഉപയോഗശൂന്യമായ ഭക്ഷണക്കിറ്റ് നല്‍കിയതെന്നും പഞ്ചായത്ത് വിതരണം മാത്രമേ നടത്തിയുള്ളൂവെന്നും ടി.സിദ്ദിഖ് പറഞ്ഞു. എന്നാല്‍, സംഘടനകളടക്കം വിതരണം ചെയ്ത കിറ്റാണ് അതെന്നും അതിന്റെ ഗുണ നിലവാരം പരിശോധിക്കേണ്ടത് പഞ്ചായത്ത് ആരോഗ്യവിഭാഗമാണെന്നും വിതരണം ചെയ്തവര്‍തന്നെ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും മന്ത്രി ജി.ആര്‍ അനിലും പറഞ്ഞു.

റവന്യൂവകുപ്പും സന്നദ്ധ സംഘടനകളും നല്‍കിയ ഉപയോഗശൂന്യമായ കിറ്റ് ജില്ലാ ഭരണകൂടം പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും അവിടത്തെ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐക്ക് പുറമെ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പോലീസുമായി കൈയ്യാങ്കളിയിലുമെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!