ഞാൻ തന്നെയാണിത്‌, എന്റെ സൗഹൃദങ്ങളും

Share our post

തിരുവനന്തപുരം:രണ്ട്‌ കുട്ടികൾ കടൽക്കരയിലെ പൂഴിയിൽ കേരളഭൂപടം തീർക്കുന്നു. സമീപത്ത്‌ വള്ളത്തിലിരുന്ന്‌ ഈ കാഴ്ച കൗതുകത്തോടെ നോക്കുന്ന മറ്റൊരാൺകുട്ടിയും പെൺകുട്ടിയും. കായൽക്കരയിലെ തെങ്ങുകൾ, പറന്നകലുന്ന പക്ഷികൾ… പ്രകൃതിഭംഗിയും സാംസ്‌കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളത്തിലെ മനോഹരമായ സൗഹാർദ അന്തരീക്ഷം. കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി വി തന്മയ എന്ന മിടുക്കിയുടെ ഈ ചിത്രമാണ് ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ്.
“ബാലസൗഹൃദ കേരളം’ എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ 339 മത്സരാർഥികളിൽനിന്നാണ് തന്മയുടെ വര ഒന്നാമതെത്തിയത്. “ചിത്രത്തിലുള്ളത്‌ ഞാനും കൂട്ടുകാരുമാണ്‌.

വിഷയം കിട്ടിയപ്പോൾ 44 നദികളും കടലുമുള്ള കേരളമാണ്‌ ആദ്യം മനസ്സിലെത്തിയത്‌, ഒപ്പം കൂട്ടുകാരെയും. സ്കൂളിൽ ഞങ്ങൾ ഒരുമിച്ചിരുന്നാണ്‌ പഠിക്കുന്നതും കഴിക്കുന്നതും കളിക്കുന്നതും. ഒരുമിച്ചിരുന്ന്‌ ചിത്രം വരയ്ക്കാറുമുണ്ട്. അതുതന്നെയാണ്‌ എന്റെ ചിത്രം. ഒന്നാമതെത്തിയെന്നറിഞ്ഞപ്പോൾ ഒരുപാട്‌ സന്തോഷം തോന്നി’–- തന്മയ പറയുന്നു. കണ്ണൂർ കണ്ണാടിപറമ്പ്‌ കുടുവാൻ ഹൗസിൽ വി അശോകൻ, കെ ചിത്ര ദമ്പതികളുടെ ഏക മകളാണ്‌. ചിത്രരചനയിൽ അമ്മാവനായ പ്രമോദാണ്‌ അധ്യാപകൻ. ആർട്ട് ക്രിയേറ്ററായ നേമം പുഷ്‌പരാജാണ് ചിത്രം തെരഞ്ഞെടുത്തത്.ശിശുദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാമ്പ്‌ പ്രകാശിപ്പിക്കും. തന്മയക്കും പഠിക്കുന്ന സ്കൂളിനുമുള്ള പുരസ്കാരങ്ങളും യോഗത്തിൽ നൽകും. മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവർ പങ്കെടുക്കും. 15 രൂപയ്ക്കാണ്‌ സ്റ്റാമ്പ്‌ നൽകുന്നത്‌. ഈ തുക സമിതിയുടെ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!