സ്വകാര്യ ബസ്സുകള്‍ക്ക് 140 കിലോമീറ്റര്‍ കടന്നും ഓടാം

Share our post

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതിരിക്കുന്ന സ്‌കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെയും നിലപാട്. കോടതിയുടെ ഉത്തരവ് കെ.എസ്.ആര്‍.ടി.സിക്കും തിരിച്ചടിയായിരിക്കുകയാണ്. 2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. പിന്നീടാണ് സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതും താത്കാലികമായി ഈ ഉത്തരവില്‍ ഇളവ് നേടുകയും ചെയ്തത്.

റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് 2022 ഒക്ടോബറില്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കുകയുമായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ച മുറയ്ക്കാണ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത്. തുടര്‍ന്ന് താത്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എം.വി.ഡിയുടെ നിലപാട്.

പെര്‍മിറ്റ് കാലാവധി അവസാനിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പാടില്ലായെന്ന് നോട്ടിഫിക്കേഷന്‍ നല്‍കി. ഇതിനെതിരേ ചില ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങിയിരുന്നു. ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.

സ്വകാര്യബസുകള്‍ ഓടുന്ന റൂട്ടുകളില്‍ 2023 മാര്‍ച്ച് മുതല്‍ കെ.എസ്.ആര്‍.ടി.സി. 260-ല്‍ അധികം സര്‍വീസുകള്‍ ഓടിച്ചിരുന്നു. ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ‘ഫ്ലീറ്റ് ഓണര്‍’ പദവി സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.ക്കുമാത്രമാണുള്ളത്. ഇതുപ്രകാരം സ്വകാര്യബസുകളുടെ കൈവശമുള്ള ദീര്‍ഘദൂര പെര്‍മിറ്റുകള്‍ കാലാവധി തീരുന്നതനുസരിച്ച് കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറണം. ഓടിയിരുന്ന റൂട്ടില്‍ 140 കിലോമീറ്ററായി സ്വകാര്യബസുകളുടെ പെര്‍മിറ്റ് ചുരുക്കും. പെര്‍മിറ്റുകള്‍ റദ്ദാക്കി കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറേണ്ട ചുമതല മോട്ടോര്‍വാഹനവകുപ്പിനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!