എഴുപത്തിയൊന്നാം വയസ്സില്‍ വീണ്ടും വിദ്യാര്‍ഥിയായി പരമേശ്വരന്‍പിള്ള

പത്തനംതിട്ട: പഠിക്കണമെന്ന അതിയായ ആഗ്രഹത്തിനുമുന്നില്‍ പ്രായവും സമയവും തടസ്സമായില്ല. ‘ദി ആല്‍ക്കെമിസ്റ്റി’ലെ സാന്ററിയാഗോയെപ്പോലെ, തീവ്രമായി ആഗ്രഹിച്ചതിനുവേണ്ടി പരമേശ്വരന്‍പിള്ള പ്രയത്‌നിച്ചപ്പോള്‍ പ്രപഞ്ചവും ഒപ്പംനിന്നു. അങ്ങനെ 71-ാം വയസ്സില്‍ ഹരിപ്പാട് താന്നിക്കല്‍ വീട്ടില്‍ പരമേശ്വന്‍പിള്ള വീണ്ടും വിദ്യാര്‍ഥിയായി. ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്ന ട്രേഡിലാണ് ചേര്‍ന്നത്. ഒക്ടോബര്‍ 30 മുതല്‍ ഇരുപത് ചെറുപ്പക്കാരുടെ ക്ലാസ്മേറ്റ്.
സെപ്റ്റംബര്‍ 30-ന് വൈകീട്ട് അഞ്ചുവരെയായിരുന്നു കോഴ്സിന് ഫീസടയ്ക്കാന്‍ സമയം. പരമേശ്വന്‍പിള്ള എത്തിയപ്പോള്‍ പതിനഞ്ചുമിനിറ്റ് വൈകി. നിരാശയോടെ മടങ്ങിയെങ്കിലും ഫീസ് അടയ്ക്കാനുള്ള സമയം ഒരുമാസത്തേക്ക് നീട്ടിയതായി അടുത്തദിവസം അറിയിപ്പുവന്നു. അങ്ങനെ സര്‍ട്ടിഫിക്കറ്റുമായി വീണ്ടുമെത്തി. കോഴ്സിനുള്ള ഫീസ് സ്ഥാപനത്തിലെ ജീവനക്കാര്‍ സ്നേഹസമ്മാനമായി നല്‍കി. ജീവിതത്തില്‍ വെറുതെയിരിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പഠിക്കുന്നതെന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും ജോലിചെയ്യാനാകുമെന്നും പരമേശ്വരന്‍പിള്ള പറയുന്നു.
ഒന്നില്‍ ഒതുങ്ങില്ല..
പരമേശ്വരന്‍പിള്ള ഇവിടെ മാത്രമല്ല പഠിതാവ്. ഇഗ്‌നോവില്‍ ബി.കോം. പഠനവും സമാന്തരമായി കൊണ്ടുപോകുന്നു. പ്ലസ്ടു തുല്യതാപരീക്ഷ 2018-ലാണ് പാസായത്. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പഠനം മുന്നോട്ടുപോയില്ല. 2016 മുതല്‍ 2018 വരെ മാതൃഭൂമി ഏജന്റായും ജോലി ചെയ്തിട്ടുണ്ട്.
1977 മുതല്‍ 97 വരെ ചണ്ഡീഗഡില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി നടത്തിയ പരമേശ്വരന്‍പിള്ള പിന്നീട് നാട്ടിലെത്തിയും ജോലിതുടര്‍ന്നു. പല കമ്പനികളില്‍ മെഷീനിസ്റ്റ് ആയി പ്രവര്‍ത്തിച്ചു. അപ്പോഴൊക്കെയും പഠിക്കണമെന്ന ആഗ്രഹം മനസ്സില്‍ കനല്‍കെടാതെ കാത്തു. പഠനത്തോടുള്ള പരമേശ്വന്‍പിള്ളയുടെ താത്പര്യമാണ് തങ്ങളെ ആകര്‍ഷിച്ചതെന്നും, ഇത്രയും ‘സീനിയര്‍ സ്റ്റുഡന്റ്’ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും വൈസ് പ്രിന്‍സിപ്പല്‍ അന്നമ്മ വര്‍ഗീസ് പറഞ്ഞു.പരേതയായ രാധാ പിള്ളയാണ് പരമേശ്വരന്‍പിള്ളയുടെ ഭാര്യ. മകള്‍: പൂജാ പിള്ള (ഡല്‍ഹി).