യാത്രയ്ക്കിടയില്‍ ഭക്ഷണം; കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്‌റ്റോപ്പ്

Share our post

കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം നല്‍കുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്.എം.സി. റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തുന്ന സമയവും സ്ഥലവും ഡ്രൈവര്‍കാബിനുപിന്നില്‍ പ്രദര്‍ശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകള്‍ യാത്രക്കാരെ ജീവനക്കാര്‍ നേരിട്ട് അറിയിക്കുകയും ചെയ്യും.

7.30 മുതല്‍ 9.30 വരെയാണ് പ്രഭാതഭക്ഷണസമയം. 12.30 മുതല്‍ രണ്ടുവരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും.ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ സ്റ്റോപ്പ് പുനഃപരിശോധിക്കും. വൃത്തിഹീനവും നിരക്കുകൂടിയതുമായ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി നിര്‍ത്തുന്നതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി. പഴികേട്ടിരുന്നു.ജീവനക്കാര്‍ക്ക് സൗകര്യമുള്ള ഹോട്ടലുകളില്‍ നിര്‍ത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. ശൗചാലയം ഇല്ലാത്ത ഹോട്ടലുകള്‍ സ്ത്രീയാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരം കാണാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് ഹോട്ടലുകള്‍ പരിശോധിച്ച് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!