പറക്കട്ടെ ‘സവിശേഷ പറവകള്‍’

Share our post

കൊച്ചി:പരിമിതികളെ മികവുകളാക്കുന്ന പ്രതിഭകളുടെ താരോദയവേദിയാകും സംസ്ഥാന സ്‌കൂൾ കായികമേള. ചരിത്രത്തിലാദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുക്കുന്നു. ‘ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌’ ഇനങ്ങൾ നാളെ എറണാകുളം മഹാരാജാസ്‌ കോളേജ്‌ മൈതാനം, തേവര സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസ്‌, കടവന്ത്ര റീജണൽ സ്‌പോർട്‌സ്‌ സെന്റർ എന്നിവിടങ്ങളിൽ നടക്കും.
അത്‌ലറ്റിക്‌സും ഫുട്‌ബോളും മഹാരാജാസ്‌ മൈതാനത്താണ്‌. സ്‌പോർട്‌സ്‌ സെന്ററിൽ ബാഡ്‌മിന്റണും തേവര സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസിൽ ഹാൻഡ്‌ബോളുമാണ്‌.

7 ഇനങ്ങൾ

എസ്എസ്‌കെയും എസ്‌സിഇആർടിയും പൊതുവിദ്യാഭ്യാസവകുപ്പിനായി തയ്യാറാക്കിയ ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ മാന്വൽപ്രകാരമാണ്‌ മത്സരങ്ങൾ. 1562 കുട്ടികളാണ്‌ മാറ്റുരയ്‌ക്കുക. ഏഴിനങ്ങളിലാണ്‌ മത്സരം. സ്‌റ്റാൻഡിങ്‌ ത്രോ, സ്‌റ്റാൻഡിങ്‌ ജമ്പ്‌, 100 മീറ്റർ ഓട്ടം, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, മിക്‌സഡ്‌ ഡബിൾ ബാഡ്‌മിന്റൺ എന്നിവയാണ്‌ മത്സരങ്ങൾ. 14 വയസ്സിനുതാഴെ, മുകളിൽ എന്നിങ്ങനെ തിരിച്ചാണ്‌ മത്സരം. വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കൊപ്പം പൊതുവിഭാഗത്തിലെ കുട്ടികൂടി ഉൾപ്പെടുന്നതാണ്‌ ടീം.

കുട്ടികൾ കുതിക്കും

കാഴ്‌ചപരിമിതിയുള്ള കുട്ടികൾ മഹാരാജാസിലെ ട്രാക്കിൽ കുതിച്ചോടും. 100 മീറ്റർ മത്സരം ഈ വിഭാഗത്തിലുള്ളവർക്കാണ്‌. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമുണ്ട്‌. ഓരോ മത്സരാർഥിക്കൊപ്പം ഗൈഡ്‌ റണ്ണറുമുണ്ടാകും.
4×100 മിക്‌സഡ്‌ റിലേ ടീമിൽ ആൺ–-പെൺ കുട്ടികളടക്കം നാലുപേർ. അവസാന ലാപ്പിൽ ഓടുക കാഴ്‌ചപരിമിതിയുള്ള താരം. ഈ കുട്ടിയെ സഹായിക്കാൻ ഗൈഡ്‌ റണ്ണറുണ്ട്‌.

ദൂരമേ വഴിമാറൂ

ആറുപേരടങ്ങുന്ന ടീമായാണ്‌ മിക്‌സഡ്‌ ത്രോ, ജമ്പ്‌ മത്സരങ്ങൾ. ആറിൽ ഒരാൾ പൊതുവിഭാഗത്തിൽനിന്നാണ്‌. ശേഷിക്കുന്നവർ ഭിന്നശേഷിക്കാർ. ഓരോ മത്സരാർഥിയുടെയും ദൂരത്തിന്റെയും ആകെ തുകയാണ്‌ ടീം സ്‌കോർ. എല്ലാ മത്സരാർഥികൾക്കും മൂന്ന്‌ അവസരം.

ഗോൾ… ഗോൾ… ഗോൾ

അഞ്ചു പകരക്കാർ ഉൾപ്പെടെ 12 പേരാണ്‌ ഫുട്‌ബോളിൽ. കളത്തിലിറങ്ങുക ഏഴുപേർ. ഗോളി പൊതുവിഭാഗത്തിലെ കുട്ടിയാണ്‌. ആൺകുട്ടികൾക്കുമാത്രമാണ്‌ ഫുട്‌ബോൾ. മത്സരം പെനൽറ്റിയിലേക്ക്‌ നീങ്ങിയാൽ ലഭിക്കുക നാലു കിക്കുകൾ. ഇതിലും തുല്യമെങ്കിൽ സൂപ്പർ പെനൽറ്റി.

പെൺകുട്ടികൾക്കുമാത്രമാണ്‌ ഹാൻഡ്‌ബോൾ. ആറു ഭിന്നശേഷിക്കാരും ഒരു പൊതുവിഭാഗം കുട്ടിയും അടങ്ങുന്നതാണ്‌ ടീം. പൊതുവിഭാഗം കളിക്കാരൻ ഗോൾ കീപ്പർ.

മിക്‌സഡ്‌ ബാഡ്‌മിന്റൺ

മിക്‌സഡ്‌ ബാഡ്‌മിന്റൺ മത്സരമാണ്‌ നടക്കുക. പൊതുവിഭാഗം കുട്ടിയാകും സഹ മത്സരാർഥി. ബെസ്‌റ്റ്‌ ഓഫ്‌ ത്രീ സെറ്റിലൂടെ വിജയിയെ കണ്ടെത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!