സംസ്ഥാന പെർമിറ്റ് തീരുമാനമായില്ല,ഈ മണ്ഡലകാലത്തും ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓട്ടോയ്ക്ക് നോ എൻട്രി

Share our post

ഈ മണ്ഡലകാലത്തും പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ പമ്പ പാതയില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്ന് പമ്പ പാതയിലെ വിഷയവും നേരത്തേ ചര്‍ച്ചയായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ശബരിമല സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയശേഷം പമ്പയിലേക്ക് ഇതരജില്ലകളില്‍നിന്നുള്ള ഓട്ടോറിക്ഷകള്‍ക്ക് നേരത്തേതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പ്രാദേശിക ഓട്ടോകള്‍ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ പമ്പ പാതയില്‍ ഓട്ടോറിക്ഷകളുടെ യാത്ര സുരക്ഷിതമല്ല. ഒട്ടേറെ വലിയവാഹനങ്ങള്‍ സഞ്ചരിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷകള്‍ ശ്രദ്ധയില്‍പ്പെടാതെ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഒപ്പം കുത്തനെയുള്ള കയറ്റങ്ങളില്‍ നിയന്ത്രണംവിട്ടാല്‍ വലിയ അപകടങ്ങളും സംഭവിക്കും. അപകടമുണ്ടായാല്‍ കാറിലെപോലെ സീറ്റ് ബെല്‍റ്റ്, എയര്‍ബാഗ് പോലെയുള്ള സുരക്ഷാസംവിധാനങ്ങളും ഓട്ടോറിക്ഷയില്‍ ഇല്ല. ശബരിമല സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയശേഷം അപകടങ്ങള്‍ ഒട്ടേറെ കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുമതി നല്‍കാന്‍ തീരുമാനമായത്. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി ഈ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല.

അതുകൊണ്ട് യോഗ തീരുമാനത്തിന്റെ ആനുകൂല്യത്തില്‍ ഇതരജില്ലകളിലെ ഓട്ടോറിക്ഷകള്‍ക്ക് പമ്പയിലേക്ക് എത്താനാവില്ല. ഉത്തരവ് ഇറങ്ങിയാലും സംസ്ഥാന പെര്‍മിറ്റിന് പ്രത്യേകം അപേക്ഷ നല്‍കി ഉത്തരവ് വാങ്ങിയാല്‍ മാത്രമേ ജില്ലയ്ക്ക് പുറത്ത് ഓടാന്‍ സാധിക്കൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!