കേരളത്തിലെ ട്രെയിനുകളിൽ അൺ റിസർവ്ഡ് യാത്രക്കാരിൽ വൻ വർധന

Share our post

കണ്ണൂർ: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺ റിസർവ്ഡ് യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന. മൂന്നുവർഷത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൂടിയത് 40.47 ലക്ഷം യാത്രക്കാർ. ദേശീയപാതയിലെ പണിത്തിരക്കിൽ യാത്രക്കാർ തീവണ്ടികളിലേക്ക് മാറിയതാണ് പ്രധാന കാരണം.

2021-22 ൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8.01 ലക്ഷം ജനറൽ ടിക്കറ്റ് യാത്രക്കാരാണ് കയറിയത്. 2022-23 ൽ ഇത് 42.85 ലക്ഷമായി. 2023-24 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 48.49 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു. വരുമാനം 2.66 കോടി രൂപയിൽ നിന്ന് 25.83 കോടി രൂപയായി .

2023-24 വർഷത്തെ കണക്ക് പ്രകാരം കോഴിക്കോട് സ്റ്റേഷനിൽ 84.29 ലക്ഷം യാത്രക്കാർ കയറി. കാസർകോട് 23.10 ലക്ഷം യാത്രക്കാരും തലശ്ശേരി 37.12 ലക്ഷം പേരും വടകര 38 ലക്ഷം യാത്രക്കാരും ഉണ്ട്.

കടുത്ത അവഗണന

യാത്രാത്തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. പൂർണമായും കേരളത്തിലോടുന്നത് 10 മെമു മാത്രം. തിരുവനന്തപുരം ഡിവിഷനിൽ ഒൻപതും പാലക്കാട് ഡിവിഷനിൽ ഒന്നും. നിലവിൽ ഷൊർണൂർ-മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ മെമു സർവീസ് ഇല്ല. കണ്ണൂർ-മംഗളൂരു (132 കി.മീ.) സെക്ഷനിൽ രാവിലെയും വൈകീട്ടും ഒരു അൺഡറിസർവ്ഡ് പാസഞ്ചർ മാത്രം. ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് വണ്ടി (06031) കാസർകോട്ടേക്ക് നീട്ടിയില്ല.

ആളില്ലാതെ കാലിയായി ഓടുന്ന എക്സ്‌പ്രസ് (പഴയ പാസഞ്ചർ) വണ്ടികളും ഒട്ടേറെയുണ്ട്. ഷൊർണൂർ-കോഴിക്കോട് എക്സ്‌പ്രസ് (06455), മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ് (16610) എന്നിവ അടക്കം സമയക്രമീകരണം നടത്തി ഓടിച്ചാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരമാകും.

താളംതെറ്റി യാത്ര

ദേശീയപാതയുടെ പണി നടക്കുമ്പോൾ സർവീസ് റോഡുകളിൽ ഇഴഞ്ഞാണ് ബസ് യാത്ര. കോഴിക്കോട്-കണ്ണൂർ ബസ് യാത്രയ്ക്ക്‌ മൂന്നരമണിക്കൂർവരെ വേണം. എക്‌സപ്രസ് തീവണ്ടിയിൽ ഒന്നരമണിക്കൂർ മതി. കേരളത്തിൽ ഏറ്റവും കുറവ് പാസഞ്ചർ വണ്ടികൾ ഓടുന്ന ഉത്തരമലബാറിലാണ് സ്ഥിതി രൂക്ഷം. ഒന്നിച്ച് കുറെ തീവണ്ടികൾ. പിന്നെ മണിക്കൂറുകളോളം ഒരു വണ്ടിയുമില്ലാത്ത അവസ്ഥ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!