ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയെന്ന് കോടതി

Share our post

ന്യൂഡൽഹി: ഭാര്യക്ക്‌ ആവശ്യത്തിന് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി.ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് അവരുടെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് പ്രതിമാസം ഏഴായിരം രൂപ ഇടക്കാല ചെലവായി നൽകാനുള്ള കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഭാര്യക്ക്‌ നല്ല വരുമാനമുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്. തനിക്ക് 22,000 രൂപ മാത്രമാണ് ശമ്പളമെന്നും കുടുംബത്തിൽ ആറുപേർ തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ഭർത്താവ് വാദിച്ചു. ഭാര്യയുടെ കസ്റ്റഡിയിലാണ് കുട്ടിയുള്ളത്. ഭാര്യക്ക്‌ ആവശ്യത്തിന് വരുമാനമുണ്ടെന്നും ഭർത്താവ് പറഞ്ഞു.ഭാര്യക്ക്‌ വരുമാനമുള്ള ജോലിയുണ്ടെന്നത് കുട്ടിയോടുള്ള ഭർത്താവിന്റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് സുമീത് ഗോയൽ വ്യക്തമാക്കി. മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിന് ബാധ്യതയുണ്ട്. അതേസമയം, ഇടക്കാല ചെലവ് നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!