തവളക്കുഴിപ്പാടം; കൊടുംകാട്ടിനുള്ളിലെ വേറിട്ട ആദിവാസി ഗ്രാമം

തൃശ്ശൂര്‍: അതിരപ്പിള്ളി-മലക്കപ്പാറ പ്രധാന റോഡില്‍ നിന്ന് കൊടും കാട്ടിലൂടെ എട്ടു കിലോമീറ്റര്‍ കട്ടവിരിച്ച ഒരു ചെറു റോഡുണ്ട്. ഒരു ജീപ്പിനുമാത്രം പോകാന്‍ വീതിയുള്ള ഈ റോഡ് ചെന്നവസാനിക്കുന്നത് ചെറിയൊരു ആദിവാസി ഗ്രാമത്തിലാണ്. കൊടുംകാടിനുള്ളിലെ തവളക്കുഴിപ്പാടം എന്ന ഈ ആദിവാസി ഗ്രാമത്തിന് പ്രത്യേകതകളേറെയുണ്ട്. 49 മലയര്‍ കുടുംബങ്ങളുള്ള ഈ ഗ്രാമം എല്ലാ കാര്യത്തിലും സ്വാശ്രയമാണ്. വനവിഭവങ്ങള്‍ വേണ്ടുവോളം കിട്ടുന്ന ഈ മേഖലയില്‍ കൃഷിയാണ് എല്ലാ വീട്ടുകാരുടേയും പ്രധാന വരുമാന മാര്‍ഗം. വന്യമൃഗശല്യം ഏറെയുള്ള ഈ പ്രദേശത്ത് അതെല്ലാം നേരിട്ടാണ് കൃഷി. കാട്ടിനുള്ളില്‍ നെല്‍ക്കൃഷി മുതല്‍ കൊക്കോയും കാപ്പിയും തെങ്ങും കുരുമുളകും റബ്ബറും വരെയുണ്ട്. പുല്‍കൃഷിയുമുണ്ട്. ഒരു സ്ഥലവും തരിശിടുന്നില്ല. വനം-കാര്‍ഷിക ഇനങ്ങള്‍ വിറ്റ് വരുമാനമുണ്ടാക്കുന്നു. പിന്നാക്ക പ്രദേശങ്ങളുടെ പരാശ്രയകഥ തിരുത്തുകയാണ് ഇവര്‍. മലയര്‍ വിഭാഗക്കാരുടേതാണ് ഈ ഗ്രാമം.
അതിരപ്പിള്ളി എന്ന ബ്രാന്‍ഡില്‍ ഓണ്‍ലെന്‍ വിപണികളില്‍ വരെ ലഭ്യമായ വനവിഭവങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നതും ഇവിടെ നിന്നാണ്. ഇവര്‍ക്ക് കാടിന് പുറത്തേക്കുള്ള യാത്ര കുറവായതിനാല്‍ ട്രൈബല്‍വാലി എന്ന കര്‍ഷകക്കൂട്ടായ്മ ഇവിടെയെത്തി വനവിഭവങ്ങള്‍ ശേഖരിക്കുന്നു.വിദ്യാഭ്യാസത്തിലും ഏറെ മുന്നിലാണ് കൊടുംകാട്ടിനുള്ളിലെ ഈ ഗ്രാമം. ഒരു വീട്ടില്‍ പോലും പഠിക്കാത്ത കുട്ടികളില്ല. ഇവിടെ നിന്ന് 35 പേരാണ് ഹോസ്റ്റലില്‍ തങ്ങി പഠിക്കുന്നത്. ബിരുദാനന്തര ബിരുദം കഴിഞ്ഞ മൂന്ന് പേരുണ്ട്, അജിത്ത്, മിത്തുമോള്‍, ചിത്ര എന്നിവര്‍. എം.എ സോഷ്യോളജി പാസായ ചിത്രയ്ക്ക് ഐ.സി.ഡി.എസ് ഓഫീസില്‍ ജോലിയുണ്ട്.ഇവിടെ യുവാക്കള്‍ക്ക് സ്വന്തം ക്ലബുണ്ട്. ഫുട്ബോള്‍ ടീമുണ്ട്. കളിക്കളം ഇല്ലാത്തതിനാല്‍ കാട്ടിനുള്ളിലെ ചെറിയ നിരപ്പുള്ള സ്ഥലത്താണ് പരിശീലനം. ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. എല്ലാ യുവാക്കള്‍ക്കും വാഹനം ഓടിക്കാനറിയാം. മിക്കവര്‍ക്കും വാഹനമുണ്ട്. വന്യമൃഗാക്രമണത്തിന് ഭീകരമായി ഇരയായ നാലുപേരും ഇവിടെയുണ്ട്.പ്ലസ് ടു പാസായ നന്ദകുമാറാണ് (24) പാടങ്ങളൊരുക്കി നെല്‍ക്കൃഷി ചെയ്യുന്നത്. മൂന്നുമാസം കൊണ്ട് മൂപ്പെത്തുന്ന ത്രിവേണിയാണ് വിളവിറക്കുന്നത്. പുറമേക്കാര്‍ക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനമില്ല. തവളക്കുഴിപ്പാടത്ത് കളിക്കളം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്ന് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ പറഞ്ഞു. എന്നാല്‍ വനനിയമങ്ങള്‍ തടസ്സമാണ്.