തേങ്ങാവില റിക്കാര്‍ഡിലേക്ക്

Share our post

കൊച്ചി: നാളികേര വില ഉയരുന്നത് കര്‍ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ഒരു കിലോ നാളികേരത്തിന് 70 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന.വൃശ്ചിക മാസത്തില്‍ വില ഇരട്ടിയാകുമോയെന്ന ഭീതിയിലാണ് ഉപഭോക്താക്കള്‍. നാളികേരത്തിന്‍റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പൊതുവിപണിയിലേക്ക് തേങ്ങ നല്‍കുന്നത് കുറച്ചതോടെ മാര്‍ക്കറ്റില്‍ വില ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴ ഉത്പാദനത്തെയും ബാധിച്ചു. നാഫെഡ് കൊപ്ര സംഭരണവില കിലോയ്ക്ക് 90ല്‍ നിന്ന് 112 ആയി ഉയര്‍ത്തിയത് കേരകര്‍ഷകരെ ആകര്‍ഷിച്ചു. കഴിഞ്ഞവര്‍ഷം 60,000 ടണ്‍ കൊപ്ര തമിഴ്‌നാട്ടില്‍നിന്ന് നാഫെഡ് സംഭരിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള സംഭരണം 500 മെട്രിക് ടണ്‍ മാത്രമാണ്. കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കുന്ന ചെലവ് കൂടിവരുന്നതിനാല്‍ ഭൂരിഭാഗം കര്‍ഷക ര്‍ക്കും തേങ്ങ നേരിട്ട് നല്‍കാനാണ് താല്‍പര്യം.

ജില്ലയില്‍നിന്ന് വാങ്ങുന്ന തേങ്ങ തമിഴ്‌നാട്ടില്‍ വെളിച്ചെണ്ണയാക്കിയശേഷം ഇവിടെ വിപണിയിലെത്തിക്കുന്നവരും ധാരാളമുണ്ട്. ഇതുമൂലം കേരളത്തിലെ കര്‍ഷകര്‍ക്ക് തേങ്ങ വിലവര്‍ധനയുടെ നേട്ടം കാര്യമായി ലഭിക്കുന്നില്ല. ഒരുലിറ്റര്‍ വെളിച്ചെണ്ണ കിട്ടാന്‍ ഒന്നര കിലോഗ്രാം കൊപ്ര വേണ്ടിവരും.ഓണത്തിനു മുമ്പ് ഒരു കിലോ കൊപ്രയുടെ വില 90രൂപയും നിലവില്‍ 125 രൂപയുമാണ്. മാലി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്ന് നേരത്തെ കേരളത്തിലേക്കു തേങ്ങ എത്തിയിരുന്നു. അടുത്തിടെ ഇതിലും കുറവുണ്ടായി. മുല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയതും വിപണിയില്‍ തേങ്ങവില കുതിക്കാന്‍ കാരണമായി.ബിസ്‌കറ്റ്, ഇന്‍സ്റ്റന്‍റ് തേങ്ങാപ്പാല്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ തേങ്ങ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതോടെ പൊതുവിപണിയിലേക്കുള്ള തേങ്ങ വരവും കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!